കൊറോണപ്പേടിയില്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെ. സെന്‍സെക്സ് 30,000ന് താഴെപ്പോയി.
സെന്‍സെക്സ് 3090 പോയിന്റ് നഷ്ടത്തില്‍ 29687-ലും നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624-ലിലുമെത്തി. കനത്ത ഇടിവനെ തുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തി വെച്ചിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലാണ്. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യം.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപ താഴന്ന പവന്‍ വില ഇന്നു രാവിലെ 1200 രൂപ ഇടിഞ്ഞു. 30,600 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുെ കുറവും രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് താഴ്ന്നത്.
ഗ്രാം വിലയില്‍ 150 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3825 രൂപ.
മാര്‍ച്ച് ആറിന് പവന് 32,320 രൂപയില്‍ എത്തിയാണ് സ്വര്‍ണവില റെക്കോഡ് തിരുത്തിക്കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണവിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു.
കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാലാണ് വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ച് ഒഴുകുന്നത്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.