Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

റബറിന്റെ ഉത്പാദനവും ഇറക്കുമതിയും തുല്യമാകും, ഇറക്കുമതിയായി എത്തുന്നത് ഗുണമേന്മ കുറഞ്ഞ റബർ, കേരളത്തിൽ റബർ കൃഷി അന്യം നിൽക്കാൻ അധികകാലം വേണ്ട

, 12:48 pm

ഇന്ത്യയിൽ റബറിന്റെ ഉല്പാദനവും ഇറക്കുമതിയും തുല്യമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. നടപ്പ് സാമ്പത്തിക വർഷം ആറു ലക്ഷം ടണ്ണിന്റെ ഉത്പാദനം പ്രതീക്ഷിക്കുമ്പോൾ അത്രയും തന്നെ ഇറക്കുമതിയും ഉണ്ടാകുമെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. റബറിന്റെ ഉത്പാദനം ഗണ്യമായി കുറയുകയും ഇറക്കുമതി കുതിച്ചുയരുകയും ചെയ്യുന്നു എന്നാണ് ഈ ട്രെൻഡ് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ റബർ കൃഷിയുടെ 115 ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രവണത പ്രകടമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം ഉത്പാദനം ആറ് ലക്ഷം ടണ്ണിലേക്ക് ചുരുങ്ങുമെന്ന് ഉല്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നു. രാജ്യത്തെ റബർ ഉല്പാദനത്തിന്റെ 90 ശതമാനവും നടക്കുന്ന കേരളത്തിനാണ് ഇത് ഏറ്റവും കനത്ത തിരിച്ചടിയാകുന്നത്. 13 ലക്ഷം ഏക്കർ സ്ഥലത്താണ് കേരളത്തിൽ റബർ കൃഷി ഉള്ളത്. ഇതിന്റെ 93 ശതമാനവും ചെറുകിട ഇടത്തരം കർഷകരാണ്. എന്നാൽ റബർ വിലയിലെ വർഷങ്ങളായി തുടരുന്ന തകർച്ച വൻകിട റബർ തോട്ടങ്ങളെയാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഒരു കിലോ ആർ എസ്‌ എസ്‌ നാല് ഗ്രേഡ് ഷീറ്റിന് 125 രൂപ വിലയുള്ളപ്പോൾ പ്ലാന്റേഷൻ മേഖലയിൽ ഒരു കിലോ റബറിന്റെ ശരാശരി ഉല്പാദന ചെലവ് 170 രൂപയാണ്. അതുകൊണ്ട് തോട്ടം മേഖലയിൽ റബർ കൃഷി അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡ് ഹോൾ ടൈം ഡയറക്ടറും സി ഇ ഒയുമായ വെങ്കിട്ടരാമൻ ആനന്ദ് പറഞ്ഞു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ തോട്ടം മേഖലയിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രമാതീതമായി തുടരുന്ന ഇറക്കുമതിയാണ് ആഭ്യന്തര മാർക്കറ്റിനെ തകർക്കുന്ന പ്രധാന ഘടകം. ഉത്പാദനം പ്രകടമായി കുറഞ്ഞിട്ടും ഇന്ത്യയിൽ റബറിന് ദൗർലഭ്യം നേരിടുന്നില്ല. വിദേശത്തു നിന്നും ഗുണമേന്മ കുറഞ്ഞ ഐ എസ്‌ എൻ ആർ – 20 ഗ്രേഡ് റബർ വിപണിയിലേക്ക് ഒഴുകുകയാണ്. വിദേശ മാർക്കറ്റുകളിൽ ഈ ഗ്രേഡ് കുറഞ്ഞ വിലക്ക് കിട്ടുന്നതിനാൽ റബറധിഷ്ഠിത വ്യവസായങ്ങൾ ഇത് ഒരു എളുപ്പ മാർഗമായി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2013 മുതൽക്കാണ് ഈ പ്രതിസന്ധി രൂക്ഷമായി തുടങ്ങിയത്.
റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം 2017 -18 സാമ്പത്തിക വർഷത്തിൽ ഉത്പാദനം 694,000 ടണ്ണാണ്. ഇറക്കുമതി 469,760 ടണ്ണും. എന്നാൽ 2018 -19 സാമ്പത്തിക വർഷത്തിലെ ഉല്പാദന മേഖലയിലെ ട്രെൻഡ് വിലയിരുത്തിയ തോട്ടം മേഖല കണക്കുന്നത് മൊത്തം ഉത്പാദനം ആറ് ലക്ഷം ടണ്ണായി ചുരുങ്ങും എന്നാണ്. നടപ്പു വർഷത്തിൽ ഇത് വരെ അഞ്ചു ലക്ഷം ടണ്ണിന്റെ ഇറക്കുമതിയും ഉണ്ടായിട്ടുണ്ട്. അവശേഷിക്കുന്ന മാസങ്ങളിലായി ഒരു ലക്ഷം ടൺ കൂടി ഇറക്കുമതിയായി എത്തുമെന്ന് കണക്കാക്കുന്നു. അതായത് ഉല്പാദനവും ഇറക്കുമതിയും ഏറെക്കുറെ തുല്യമാകുമെന്നർത്ഥം. ഇത് ഇന്ത്യൻ റബർ മേഖലയിൽ കടുത്ത പ്രതിസന്ധി ഉളവാക്കുമെന്നും തോട്ടം മേഖലയിൽ പ്രവർത്തനം തുടരനാകാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ്‌കുമാർ പറഞ്ഞു. ഇന്ത്യയിൽ 12 ലക്ഷം ടണ്ണിന്റെ ആവശ്യമാണ് ഒരു വർഷം ഉള്ളത്. വരുന്ന വർഷങ്ങളിൽ ഇറക്കുമതി കൂടുതൽ ഉയരുകയും ആഭ്യന്തര ഉത്പാദനത്തെ കവച്ചു വെക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി ക്ഷാമമാണ് റബർ പ്ലാന്റേഷൻ വ്യവസായം നേരിടുന്ന മറ്റൊരു ഗുരുതര സാഹചര്യം. റബർ കൃഷി മേഖലയെ രക്ഷിച്ചെടുക്കുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Advertisement