ഇ-കൊമേഴ്സ് കമ്പനികൾക്കായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള എഫ്.ഡി.ഐ (വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപം) മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന മൾട്ടി ബ്രാൻഡ് റീട്ടെയിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ഇ-കൊമേഴ്സിനായി കേന്ദ്ര സർക്കാർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ആരെങ്കിലും ഇ-കൊമേഴ്സിനെ മൾട്ടി ബ്രാൻഡ് റീട്ടെയിലിനുള്ള മാർഗമാക്കി മാറ്റുകയാണെങ്കിൽ, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം അനുസരിച്ച്, മൾട്ടിബ്രാൻഡ് റീട്ടെയിലിൽ, എഫ്ഡിഐ 49 ശതമാനത്തിന് മുകളിൽ അനുവദനീയമല്ല. ബിജെപി സർക്കാർ രാജ്യത്തെ ചെറുകിട ചില്ലറ വ്യാപാരികളോടൊപ്പമാണ് നിലകൊള്ളുന്നത്, ആരുടെയും ഉപജീവനമാർഗം സമ്മർദ്ദത്തിലാകാൻ അനുവദിക്കില്ല. ആരെങ്കിലും നിയമലംഘനത്തിന് ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇ-കൊമേഴ്സ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ കിഴിവാക്കാനോ കൊള്ളയടിക്കുന്ന വിലയ്ക്ക് വിൽക്കാനോ റീട്ടെയിൽ വിപണിയെ നശിപ്പിക്കാനോ അവകാശമില്ല. ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും സ്വയം വിൽക്കാനും അവർക്ക് അനുമതിയില്ല,” അദ്ദേഹം പറഞ്ഞു.
Read more
ഇ-കൊമേഴ്സ് കമ്പനികളുടെ നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചില പരാതികൾ തന്റെ ശ്രദ്ധയില് പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വിശദാംശങ്ങൾ തേടി വാണിജ്യ മന്ത്രാലയം ഒരു ചോദ്യാവലി അയച്ചിട്ടുണ്ട്. മറ്റൊരു അനുബന്ധ ചോദ്യാവലിയും അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗോയൽ ആവർത്തിച്ചു.