റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് (റിപ്പോ) വര്‍ദ്ധിപ്പിച്ചു. 0.35 ശതമാനമാണ് വര്‍ദ്ധന. ആകെ നിരക്ക് 6.25 ആയി ഉയര്‍ന്നതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പലിശയും കൂട്ടും. പ്രതിമാസം തിരിച്ചടയ്‌ക്കേണ്ട തുക വര്‍ദ്ധിപ്പിക്കുകയോ വായ്പാ കാലാവധി നീട്ടുകയോ ചെയ്യാനാണ് സാദ്ധ്യത.
പണപ്പെരുപ്പം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പ്രധാന വായ്പാ നിരക്കായ റീപ്പോയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് താഴ്ന്നതിനെത്തുടര്‍ന്നാണ് ചെറിയ നിരക്ക് വര്‍ദ്ധനയെന്നാണ് ആര്‍ബിഐ വിശദീകരിക്കുന്നത്. ഇത് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ബിഐയില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ആറില്‍ അഞ്ച് പേരാണ് റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ അനുകൂലിച്ചത്. ഒരാള്‍ മാത്രം എതിര്‍ നിലപാട് സ്വീകരിച്ചു.
വായ്പാ ഡിമാന്‍ഡ് കൂടുമ്പോള്‍ കൈയില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ, ബാങ്കുകള്‍ക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ.