റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (നാണയ നയ സമിതി) റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഒക്ടോബറിലെ 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി റിസർവ് ബാങ്ക് കുറച്ചു. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചാ നിരക്കും ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾക്കും എതിരെ സമ്പദ്‌വ്യവസ്ഥ പൊരുതുന്ന സമയത്താണ് റിസർവ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ അഞ്ചാം നയ പ്രസ്താവന.
നാണയ നയ സമിതിയിലെ ആറ് അംഗങ്ങളും റിപ്പോ നിരക്ക് നിലവിലുള്ള തലത്തിൽ നിലനിർത്താൻ വോട്ട് ചെയ്തു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ട് നൽകുന്ന പ്രധാന പലിശനിരക്കാണ് റിപ്പോ നിരക്ക്.