ആഗോള തലത്തില്‍ ഉത്പാദനം കുറഞ്ഞതും കണ്ടെയ്‌നര്‍ ക്ഷാമവും കാരണം റബ്ബര്‍ ഇറക്കുമതി കുറഞ്ഞത് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. നിലവില്‍ സംസ്ഥാനത്ത് 250 രൂപയ്ക്ക് മുകളിലാണ് റബ്ബറിന് വില. ചെറുകിട വ്യാപാരികള്‍ 247 മുതല്‍ 249 രൂപ വരെ വിലയിലാണ് റബ്ബര്‍ സംഭരിക്കുന്നത്.
മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് റബ്ബര്‍ ഉത്പാദനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. മഴക്കാലത്തിന് മുന്‍പ് വേനല്‍കാലത്തും ഉത്പാദനം വിരളമായിരുന്നു. വില വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ക്ക് പ്രതീക്ഷ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉത്പാദനം നടക്കാതിരുന്നതിനാല്‍ വില വര്‍ദ്ധനവിന്റെ ഫലം പലര്‍ക്കും ലഭിച്ചിട്ടില്ല.
ഇറക്കുമതി കുറഞ്ഞതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ പ്രാദേശിക വിപണിയെ ആശ്രയിച്ചതോടെയാണ് നേട്ടമുണ്ടാക്കിയത്. ഇതോടെ ഒട്ടുപാലിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. ഒട്ടുപാലിന് നിലവില്‍ 180 രൂപ വരെയാണ് പ്രാദേശിക കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. രാജ്യത്ത് മാത്രമല്ല റബ്ബറിന് വില വര്‍ദ്ധിക്കുന്നത്. ആഗോള തലത്തിലും റബ്ബര്‍ വില വര്‍ദ്ധിക്കുന്നത് കര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
എന്നാല്‍ ലാറ്റക്‌സ് വില ഇടിയുന്നത് കര്‍ഷകരില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ലാറ്റക്‌സ് വില 243 രൂപയാണെങ്കിലും കര്‍ഷകര്‍ക്ക് 228 രൂപ മാത്രമാണ് ലഭിക്കുന്നത്. അതേസമയം ആഗോള തലത്തില്‍ റബ്ബര്‍ വില ഉയര്‍ന്നത് ആഭ്യന്തര തലത്തില്‍ ഇനിയും വില വര്‍ദ്ധനവിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.