ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ ഭിന്നത പ്രതിസന്ധി പുതിയ തലത്തിലേക്ക്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഡോ. ബി. ഗോവിന്ദന്‍, ബിന്ദു മാധവ്, റോയ് പാലത്തറ എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള പക്ഷം തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന് വ്യക്തമാക്കി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന ഡോ.ബി.ഗോവിന്ദനും, നാലുപേരും മാത്രമാണ് സംഘടനയില്‍ നിന്നും പുറത്തു പോയി മറ്റൊരു വിഭാഗവുമായി ചേര്‍ന്ന് ചെയര്‍മാന്‍ ആയതെന്നും, 99% അംഗങ്ങളും സംഘടനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 27ന് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് ഗോവിന്ദനെ പുറത്താക്കി വര്‍ക്കിംഗ് പ്രസിഡന്റ് അയമു ഹാജിയെ ആക്ടിംഗ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു. നിലവിലുള്ള 12 ജില്ലാ കമ്മിറ്റികളും 112 അംഗ കൗണ്‍സിലര്‍മാരില്‍ 99 പേരും തങ്ങള്‍ക്കൊപ്പമാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അയമു ഹാജിയും വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദും വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഏര്‍ബാദും സെക്രട്ടറി എസ് പളനിയും വ്യക്തമാക്കി. ഞങ്ങളുടെ സംഘടനയില്‍ നിന്നും പുറത്തുപോയി വേറൊരു സംഘടനയില്‍ ചേര്‍ന്ന ഒരാള്‍ക്ക് ഞങ്ങളെ എങ്ങനെ അവരുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന ചോദ്യവും AKGSMA ഭാരവാഹികള്‍ ചോദിച്ചു. 12 ജില്ലാ കമ്മിറ്റികളും 112 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ 99 പേരും സംഘടനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 9ന് എ കെ ജി എസ് എം എ.സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നിരുന്നു. 112 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ 98 പേര്‍ ഹാജരായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോ.ബി ഗോവിന്ദന്‍, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട് 10 പാനലുകള്‍ അവതരിപ്പിച്ചിരുന്നു. ഒരു പാനലില്‍ ഡോ.ബി ഗോവിന്ദന്‍ പ്രസിഡണ്ടായും, 9 പാനലുകളില്‍ കെ. സുരേന്ദ്രന്‍ പ്രസിഡണ്ടായും ആണ് നിര്‍ദ്ദേശിക്കപ്പെട്ടതെന്നും തുടര്‍ന്ന് ഗോവിന്ദന്‍ വിഭാഗത്തിലെ ചിലര്‍ സംഘടനയില്‍ തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നും, ബഹളമുണ്ടാക്കുകയും ചെയ്തതോടെ സമവായത്തിലൂടെയാണ് പ്രതിസന്ധി പരിഹരിച്ചതെന്നും ഭാരവാഹികള്‍ പറയുന്നു. സമവായ ചര്‍ച്ച വേണമെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം പ്രസിഡണ്ടായി നിര്‍ദ്ദേശിക്കപ്പെട്ട കെ. സുരേന്ദ്രനും, ഡോ.ബി. ഗോവിന്ദനും പരസ്പരം സംസാരിച്ച് കെ.സുരേന്ദ്രന്‍ സ്വമേധയാ സ്ഥാനം സ്വീകരിക്കുന്നില്ലന്നും ഡോ.ബി.ഗോവിന്ദന്‍, പ്രസിഡണ്ടാകുമെന്നും സംസ്ഥാന കൗണ്‍സിലിനെ അറിയിച്ചു. തുടര്‍ന്ന് ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിച്ചു. എല്ലാവരും സഹവര്‍ത്തിത്വത്തോട് കൂടി പ്രവര്‍ത്തിച്ചു മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു.
ആലപ്പുഴയില്‍ സ്വര്‍ണ വ്യാപാരി പോലീസ് കസ്റ്റഡിയില്‍ മരണപ്പെടാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് സെക്രട്ടറിയേറ്റ് നടയില്‍ ആയിരക്കണക്കിന് സ്വര്‍ണ്ണ വ്യാപാരികളുടെ ധര്‍ണ്ണ നടത്തി. ധര്‍ണയില്‍ അധ്യക്ഷത വഹിച്ച ഡോ.ഗോവിന്ദന്‍ തൊട്ടടുത്ത ദിവസം ആരോടും പറയാതെ നാല് അംഗങ്ങളോടൊപ്പം മറ്റൊരു സംഘടനയുമായി ലയിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടതെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷ ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന ഭാരവാഹികളായോ, സംസ്ഥാന കൗണ്‍സിലിനെയോ വിശ്വാസത്തില്‍ എടുക്കാതെ മറ്റൊരു വിഭാഗവുമായി ഗൂഢാലോചന നടത്തിയാണ് ഗോവിന്ദന്‍ പുറത്തു പോയത്. കടുത്ത വഞ്ചനയാണ് ഡോ.ഗോവിന്ദന്‍ ചെയ്തതെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആരോപിച്ചു.
കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് സ്വസ്ഥമായി വ്യാപാരം നടത്തുന്നതിന് ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണ്ണവില മാര്‍ജിന്‍ ഇടാതെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ബോര്‍ഡ് റേറ്റ് കൂട്ടിയിടുകയും സ്വന്തം സ്ഥാപനത്തില്‍ പവന് ആയിരം രൂപ വരെ കുറവുണ്ടെന്ന് പരസ്യപ്പെടുത്തുകയ്യും ചെയ്താണ് ഇത്രയും കാലം പ്രസിഡണ്ടായി ഇവിടെ തുടര്‍ന്നിരുന്നത്. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ബി ഗോവിന്ദന്‍ പ്രഖ്യാപിച്ചു കൊണ്ടിരുന്നതെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര നടത്തിയ വാഹന ജാഥ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ദിവസം കേരള വ്യാപകമായി കടകളടച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെതിരെ പത്രവാര്‍ത്ത നല്‍കി കട തുറന്നിരുന്ന ഡോ. ബി.ഗോവിന്ദനോടുള്ള പ്രതിഷേധം തിരുവനന്തപുരത്ത് കണ്ടതാണെന്നും അവര്‍ പറഞ്ഞു.
2013ന് ശേഷം ഇവരുടെ പിന്തുണയില്ലാതെയാണ് സംഘടന ഫണ്ട് ആര്‍ജിച്ചിട്ടുള്ളതും, എക്‌സിബിഷനുകള്‍ നടത്തുകയും ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം കേരളത്തിലെ 4700 സ്വര്‍ണ്ണ വ്യാപാരികളെ കോര്‍ത്തിണക്കി നടത്തിയ ഓണം സ്വര്‍ണ്ണോത്സവം പോലും പിന്നില്‍ നിന്ന് കുത്തി തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. കേരളത്തിലെ ചെറുകിട,ഇടത്തരം വ്യാപാരികള്‍ക്ക് ഏറ്റവും നല്ല വ്യാപാരം നേടിക്കൊടുത്ത ഓണം സ്വര്‍ണ്ണോത്സവത്തിന്റെ ഒരു പരിപാടികളിലും ഡോ.ബി.ഗോവിന്ദന്‍ പങ്കെടുത്തിരുന്നില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. 80 വര്‍ഷത്തെ പാരമ്പര്യം പറയുന്ന ഇവര്‍, പഴയ നിയമാവലിയിലും, പുതിയ നിയമാവലിയിലും ചെയര്‍മാന്‍ എന്നുള്ള ഒരു പദവി ഇല്ല. സ്വര്‍ണ്ണ ഭവന്‍ ആരുടെയും കുടുംബസത്തല്ലെന്നും, കേരളത്തിലെ എല്ലാ സ്വര്‍ണ്ണ വ്യാപാരികള്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണഭവന്റെയും, സംഘടനയുടെയും അവകാശ തര്‍ക്കങ്ങളെ കുറിച്ചുള്ള കേസുകള്‍ വിവിധ കോടതികള്‍ നടക്കുകയാണെന്നും, തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
Read more
കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ധീരമായി നേതൃത്വം നല്‍കി സംഘടന മുന്നോട്ടുപോകുമെന്നും മാര്‍ച്ച് 12 ന് സംസ്ഥാന കൗണ്‍സില്‍ തൃശ്ശൂരില്‍ യോഗം ചേര്‍ന്ന് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് രൂപം നല്‍കുന്നതാണെന്നും ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അയമു ഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഏര്‍ബാദ്, സംസ്ഥാന സെക്രട്ടറി എസ്.പളനി എന്നിവര്‍ പങ്കെടുത്തു.