എകെജിഎസ്എംഎ ഓണം സ്വര്‍ണ്ണോത്സവം -2024ന്റെ ബംബര്‍ നറുക്കെടുപ്പ് നവംബര്‍ അഞ്ചിന് കോഴിക്കോട്; രണ്ടു കോടിയുടെ സമ്മാനാര്‍ഹര്‍ ആരൊക്കെ?

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വര്‍ണ്ണോത്സവം-2024 സമ്മാനപദ്ധതിയുടെ  ബംബര്‍ നറുക്കെടുപ്പ് നവംബര്‍ അഞ്ചിന്. ഓണം സ്വര്‍ണ്ണോത്സവം-2024 ന്റെ ബംബര്‍ നറുക്കെടുപ്പിനൊപ്പം സമാപന സമ്മേളനവും രാവിലെ 11 മണിക്ക് കോഴിക്കോട് വൈഎംസിഎ റോഡിലെ ഹോട്ടല്‍ മറീന റസിഡന്‍സിയില്‍ നടക്കും. ബംബര്‍ നറുക്കെടുപ്പും സമാപന സമ്മേളനവും കോഴിക്കോട് നടക്കുമെന്നും എം.കെ.രാഘവന്‍ എംപി നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറിയിച്ചു.

മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഓണം സ്വര്‍ണ്ണോത്സവം 2024 പരിപാടിയിലെ രണ്ടു കോടി രൂപയുടെ സമ്മാന അര്‍ഹരെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നത്. ബംബര്‍ സമ്മാനം 100 പവനാണ് നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 25 പവനും രണ്ടാം സമ്മാനം 10 പവനുമാണ്. മൂന്നാം സമ്മാനം 5പവനും സമ്മാനാര്‍ഹര്‍ക്ക് ലഭിക്കും. ഇതുകൂടാതെ 10 കിലോ വെള്ളി പ്രോത്സാഹന സമ്മാനമായി നല്‍കുന്നതാണെന്നും എകെജിഎസ്എംഎ ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് തല നറുക്കെടുപ്പില്‍ 1100 സ്വര്‍ണ കോയിനും സമ്മാനമായി നല്‍കുന്നുണ്ട്.

Read more

ഓണത്തോട് അനുബന്ധിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഒരുക്കുന്ന ഓണം സ്വർണോൽസവം-2024 സമ്മാനപദ്ധതി 2024 ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു  സംഘടിപ്പിച്ചിരുന്നത്. 15 ലക്ഷത്തോളം കുടുംബങ്ങള്‍ ഈ കാലയളവില്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഓണം സ്വര്‍ണ്ണോത്സവം-2024 പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാ സ്വര്‍ണ വ്യാപാരികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.