സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഫ്ളാറ്റ് വിട്ടത് രണ്ട് ദിവസം മുമ്പ്, അന്വേഷണം ഉന്നതരിലേക്ക്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം പുരോ​ഗമിക്കുന്നു. സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായി വിവരം കിട്ടി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സ്വപ്നയുടെ ബിസിനസ് വളർച്ചകളും ബന്ധങ്ങളും സ്വത്ത് സമ്പാദനങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരുകയാണ്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന.


കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ആറ് മാസം മുമ്പ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ശിപാർശയിലായിരുന്നു നിയമനം.

ഇതോടെ കേസിൽ ഉന്നതരുടെ പങ്കിനെ കുറിച്ചും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കു കള്ളക്കടത്തില്‍ പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്