അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവ് ആഭ്യന്തര വിപണയില്‍ രേഖപ്പെടുത്തി. സ്വര്‍ണ വിപണിയില്‍ ഗ്രാമിന് 7200 രൂപയും, പവന് 57,600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയിലും ട്രംപിന്റെ അമേരിക്കന്‍ വിജയം കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2658 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് നിരക്ക് ഒരു ഡോളറിന് 84.34 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 78.5ലക്ഷം രൂപയായും കുറഞ്ഞിട്ടുണ്ട്.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ശേഷം സ്വര്‍ണ്ണവില ക്രമാതീതമായി ഉയരുന്നതാണ് ലോകം കണ്ടത്. കഴിഞ്ഞ നവംബര്‍ മാസം 1800 ഡോളറില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് കാര്യമായ തിരുത്തല്‍ ഇല്ലാതെ 2800 ഡോളറിനടുത്ത് വരെ ഉയര്‍ന്ന സ്വര്‍ണ്ണവില അമേരിക്കയില്‍ ട്രംപിന്റെ ഭരണം ഉറപ്പായതോടെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2750 ഡോളറില്‍ നിന്നും 2652 ഡോളര്‍ വരെ കുറഞ്ഞു. പുതിയ ഭരണമാറ്റം കാരണം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും അന്തര്‍ ദേശിയ സംഘര്‍ഷങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള സ്വാധീനവും ഒക്കെയാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണം.
ഇന്ന് നടക്കുന്ന ഫെഡ് പലിശ നിരക്ക് സംബന്ധിച്ച തിരുമാനവും സ്വര്‍ണ്ണവിലയെ സംബദ്ധിച്ച് നിര്‍ണ്ണായകമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നു. .25 % കുറവാണ് പലിശ നിരക്ക് കുറവ് പ്രതീക്ഷിക്കുന്നത്. സാങ്കേതികമായി 2650 ഡോളറില്‍ താഴെ ക്ലോസ് ആകുകയാണ് എങ്കില്‍ 2610-2580 ലെവലിലെക്ക് സ്വര്‍ണവില കുറയാം. 2680 ഡോളര്‍ കടന്നാല്‍ വീണ്ടും 2710 ഡോളര്‍ വരെ വില ഉയരാനും സാധ്യതയുണ്ട്.
വരും ദിവസങ്ങളില്‍ യുഎസില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നിലപാടുകള്‍ സ്വര്‍ണ്ണവിലയെ ശക്തമായ ചഞ്ചാട്ടത്തില്‍ എത്തിക്കാമെന്നും സ്വര്‍ണവ്യാപാരികള്‍ കരുതുന്നു.
2016ല്‍ ട്രംപ് അധികാരം ഏല്‍ക്കുമ്പോള്‍ 1250 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണവില. 2019 വരെ 1200-1350 ഡോളറില്‍ തന്നെയായിരുന്നു വില നിലവാരം. 2019 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങി. 2019 ജൂണില്‍ 2.5% ഉണ്ടായിരുന്ന പലിശ നിരക്ക് 2020 മാര്‍ച്ച് വരെ ഘട്ടം ഘട്ടമായി 0%ത്തില്‍ എത്തിച്ചു. 2020 ഓഗസ്റ്റില്‍ സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും ഉയരത്തില്‍ എത്തിയിരുന്നു.
2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 1400 ഡോളറിനു മേല്‍ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തില്‍ അനുഭവപ്പെട്ടത്. ഇതോടെ അമേരിക്കയിലെ പണപ്പെരുപ്പം നിരക്ക് 1.4 % നിന്നും വലിയതോതില്‍ ഉയര്‍ന്ന് 9.1% വരെ എത്തി. ഈ കാലയളവില്‍ പല സെന്‍ട്രല്‍ ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. 2022 മാര്‍ച്ചില്‍ പലിശ നിരക്ക് 05%ഉയര്‍ത്തി. അതിനുശേഷം പല ഘട്ടങ്ങളിലായി 5.5% വരെ ഉയര്‍ത്തുക ഉണ്ടായി.