കള്ളത്തരം കാണിക്കാന്‍ ശ്രമിച്ച എയര്‍ടെല്ലിന് പണികിട്ടി

ഉപഭോക്താക്കള്‍ അറിയാതെ അവരുടെ പേരില്‍ പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ എയര്‍ടെല്ലിന് തിരിച്ചടി. ഭാരതി എയര്‍ടെല്ലിന് കീഴിലുള്ള എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ കെ.വൈ.സി. ലൈസന്‍സ് യുഐഡിഐ താല്‍ക്കാലികമായി റദ്ദാക്കി.

സിം കാര്‍ഡ് കെ.വൈ.സി. മുഖേന ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താക്കളുടെ പേരിലാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്. എല്‍.പി.ജി. സബ്‌സിഡി ഈ അക്കൗണ്ടിലേക്കാണ് പോകുന്നത്.

ഉപഭോക്താക്കളുടെ അനുവാദം ഇല്ലാതെ അക്കൗണ്ട് തുറന്നിട്ടില്ല എന്ന തെറ്റായ സത്യവാങ്മൂലം നല്‍കി അതോറിറ്റിയെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈസന്‍സ് മരവിപ്പിക്കല്‍ ഉത്തരവില്‍ പറയുന്നു. എയര്‍ടെല്‍ ഭാരതിയിലും എയര്‍ടെല്‍ പേമെന്റ് ബാങ്കിലും ഓഡിറ്റ് നടത്തി പ്രവര്‍ത്തനം അധാര്‍ നിയമം അനുസരിച്ചാണോ എന്ന് വിലയിരുത്താന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന പ്രഫഷണല്‍ സര്‍വീസ് കമ്പനിക് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

ഇത്തരത്തില്‍ തുറന്ന 23 ലക്ഷം അക്കൗണ്ടിലൂടെ 47 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇനി എയര്‍ടെല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല. എയര്‍ടെല്‍ മൊബൈല്‍ ആപ് തുറക്കുമ്പോള്‍ വെല്‍ക്കം മെസ്സേജിനോടൊപ്പം നിലവിലുള്ള എയര്‍ടെല്‍ മൊബൈല്‍ കെ.വൈ.സി. ഉപയോഗിച്ചു എയര്‍ടെല്‍ പേമെന്റ് വാലറ്റ് നവീകരിക്കുക/ ഉണ്ടാക്കുക എന്നു എഴുതിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ മിന്നിമറയുന്നുണ്ട്. ഇത് ആധാര്‍ നിയമത്തിനു എതിരാണ് എന്നും അതോറിട്ടി ചൂണ്ടിക്കാട്ടുന്നു.