ഈ 8864 കോടിക്ക് ആളില്ല: അവകാശികളാരെങ്കിലുമുണ്ടോ?

അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 8864.6 കോടി രൂപ. 2.63 കോടി അക്കൗണ്ടുകളിലായാണ് ഈ തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കുകളില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളിലാണ് ഇത് പറയുന്നത്.

അവകാശികളില്ലാതെ അക്കൗണ്ടുകളില്‍ കൂടുതലും സേവിങ് ബാങ്ക് വിഭാഗത്തില്‍പ്പെട്ടവയാണ്. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും കുറവല്ല. മരണം സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാണ് അവകാശികളില്ലാതെ നിക്ഷേപം പെരുകുന്നതിന് കാരണമാകുന്നത്. 2007 ല്‍ മാത്രം അവകാശികളില്ലാതെ ബാങ്കുകളില്‍ ഉണ്ടായിരുന്നത് 1095.44 കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുകയുള്ളത്, 1036 കോടി രൂപ. എസ്ബിഐയിലെ 50 ലക്ഷത്തോളം അക്കൗണ്ടുകളിലായാണ് ഈ തുക. കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളില്‍ പത്തു വര്‍ഷത്തിലേറെയായി ഇടപാടുകളില്ലാത്തതോ ആരും അവകാശപ്പെടാത്തതോ ആയ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളാണുള്ളത്. തുക കൈപ്പറ്റാനോ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനോ അവകാശികള്‍ക്കോ അക്കൗണ്ട് ഉടമകള്‍ക്കോ താത്പര്യമുണ്ടെങ്കില്‍ അതത് ബാങ്കുകളെ സമീപിക്കാവുന്നതാണ്.