ചേട്ടന്റെ തണലില്‍ തിരിച്ച് പിടിക്കാനൊരുങ്ങി അനിയന്‍ ; പുതിയ ആര്‍കോമുമായി തിരിച്ച് വരുമെന്ന് അനില്‍ അംബാനി

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് തിരിച്ചെത്തുമെന്ന് അനില്‍ അംബാനി. പുതിയ ആര്‍കോമുമായി തിരിച്ചെത്തുമെന്നും ബി ടു ബി മാതൃകയിലാകും ആര്‍കോമിന്റെ പ്രവര്‍ത്തനമെന്നും അനില്‍ പറഞ്ഞു. സാധാരണ ഉപഭോക്താക്കള്‍ക്ക് പകരം കമ്പനികളുമായി നേരിട്ട് വ്യാപാര ബന്ധമുണ്ടാക്കുന്ന തരത്തിലായിരിക്കും ആര്‍ കോമിന്റെ തുടര്‍പ്രവര്‍ത്തനം. ബാങ്കുകൾക്ക് വായ്പാ തുക തിരിച്ച് നല്‍കിയതിലൂടെ ബാധ്യത 6,000 കോടിയായി കുറഞ്ഞെന്നും അനില്‍ അംബാനി കൂട്ടിച്ചേര്‍ത്തു.

താന്‍ കടങ്ങള്‍ വീട്ടിയത് തികച്ചും ധാര്‍മികമായും നിയമപ്രകാരവുമാണെന്നു അനില്‍ പറഞ്ഞു. സാമ്പത്തിക ബാധ്യത, ധാര്‍മ്മികമായി എങ്ങനെ ബിസിനസ് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചു. വീഴ്ചകളും നഷ്ടങ്ങളും ബിസിനസില്‍ സര്‍വ്വസാധാരണമാണ്. ചിലര്‍ താഴ്ചകളില്‍ നിന്നും താഴ്ചകളിലേക്കും മറ്റുചിലര്‍ ഉയര്‍ച്ചകളില്‍ നിന്നും ഉയര്‍ച്ചകളിലേക്കും പോകും. പണ്ട് 2ജി അഴിമതിയുടെ നിഴലിലായിരുന്നു തങ്ങളെന്നും എന്നാല്‍ അഴിമതി നടന്നില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ വന്ന കോടതിവിധിയില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

45,000 കോടിയുടെ കടം 6000 കോടിയായി ചുരുക്കിയതിലൂടെ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താനായി. ഇന്റര്‍നാഷണല്‍ ഡാറ്റാ സെന്ററിന്റെ (ഐ.ഡി.സി) മാതൃകയിലായിരിക്കും ആര്‍ കോമിന്റെ പുതിയ ബി ടു ബി ബിസിനസ്. ഇത്തരം സംരംഭങ്ങള്‍ക്ക് രാജ്യത്ത് വലിയ സാധ്യതയാണെന്നും അനില്‍ അംബാനി പറഞ്ഞു. 24,000 കോടി രൂപയ്ക്ക് ആര്‍കോമിന്റെ ബിസിനസ് സഹോദരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്വന്തമാക്കിയതോടെയാണ് വര്‍ഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അനിലിന് മുക്തി നേടാനായത്.