എഡ്ടെക് ഭീമനായിരുന്ന ബൈജൂസ് ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്.
ഒരുകാലത്ത് 22 ബില്യണ്‍ ഡോളര്‍(ഏകദേശം 1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന എഡ്ടെക് കമ്പനിയുടെ നിലവിലെ മൂല്യം പൂജ്യമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥാപനമായ എച്ച്എസ്ബിസിയുടെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒന്നിലധികം നിയമക്കുരുക്കുകള്‍ക്കും ഫണ്ടിങ് പ്രതിസന്ധിക്കും ഇടയില്‍ ഞങ്ങള്‍ ബൈജുവിന്റെ ഓഹരിക്ക് പൂജ്യം മൂല്യം നല്‍കുന്നു. നിയമ പോരാട്ടങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പാടുപെടുകയാണു ബൈജൂസ്.
യു.എസ്. ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്ക് ബൈജൂസിലെ ഓഹരികളുടെ മൂല്യം 2022 ന്റെ തുടക്കത്തില്‍ 22 ബില്യണ്‍ ഡോളറില്‍നിന്ന് വെറും ഒരു ബില്യണ്‍ ഡോളറായി(ഏകദേശം 8,352 കോടി രൂപ) കുറച്ചിരുന്നു.
ബൈജൂസിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈവശമുള്ളത്. ഈ ആഴ്ച ആദ്യം, ബൈജൂസിന്റെ യു.എസ്. സബ്സിഡിയറിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ പാപ്പരത്തത്തിലേക്ക് നീങ്ങുന്നതിനെതിരേ വായ്പ ദാതാക്കള്‍ യു.എസ്. കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ബൈജൂസ് ആപ്പ് നേരിടുന്ന പ്രശ്നങ്ങളാണ് കമ്പനിയുടെ ഓഹരി മൂല്യം പൂജ്യമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിച്ച് കടന്നുപോകുകയാണ് കമ്പനിയെന്നും തങ്ങളും മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരും ചേര്‍ന്ന് സ്ഥിതി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുകയാണെന്നും കമ്പനിയുമായി ചര്‍ച്ചയിലാണെന്നും ബൈജൂസിന്റെ ഷെയര്‍ഹോള്‍ഡര്‍മാരിലൊരാളായ പ്രൊസസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.