ഇത്തവണ കേന്ദ്ര -സംസ്ഥാന ബജറ്റുകളെ വൻ ശ്രദ്ധാകേന്ദ്രമാക്കുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ജോർജ് ജോസഫ് പറവൂർ

ഇക്കുറി കേന്ദ്ര – സംസ്ഥാന ബജറ്റുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ജി എസ് ടി നടപ്പാക്കിയതിനു ശേഷം അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇത്തവണത്തെ ബജറ്റുകളെ ശ്രദ്ധകേന്ദ്രമാകുന്ന 10 കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1 . ചരിത്രത്തിലാദ്യമായി കേന്ദ്ര ബജറ്റിന്റെ പിറ്റേന്ന് തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജെയ്‌റ്റിലി അവതരിപ്പിക്കുമ്പോൾ, രണ്ടിന് ഡോ തോമസ് ഐസക് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്നു. സാധാരണ കേന്ദ്ര ബജറ്റിനു ശേഷം ആഴ്ചകൾ കഴിഞ്ഞാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ഈ പതിവ് തെറ്റിച്ചു ഇക്കുറി രണ്ടു ബജറ്റുകളും അടുത്തടുത്ത ദിവസങ്ങളിൽ അവതരിപ്പിക്കുന്നു.

2 . കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന് നിയമസഭ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തിൽ തന്നെ, മാർച്ച് 31 നു മുൻപായി ബജറ്റ് പാസാക്കുകയാണ് ലക്‌ഷ്യം. ഏപ്രിൽ ഒന്ന് മുതൽ തന്നെ വിവിധ പദ്ധതികളുടെ നിർവഹണത്തിലേക്ക് കടക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻ കാലങ്ങളിൽ ബജറ്റ്, ഏപ്രിൽ ഒന്നിന് ശേഷം സൗകര്യം പോലെ പാസാക്കുകയായിരുന്നു പതിവ്. ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന്, പണം ചെലവഴിക്കാനായി നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ബജറ്റ് മാർച്ച് 31 മുൻപ് പാസാക്കുകയാണ് ലക്‌ഷ്യം.

3 . ജി എസ് ടി നടപ്പാക്കിയതിനു ശേഷമുള്ള ബജറ്റായതിനാൽ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളിൽ മാറ്റം ഉണ്ടാകില്ല. ഇതിൽ മാറ്റം വരുത്തുന്നത് ജി എസ് ടി കൗൺസിലാണ്. അതുകൊണ്ട് സാധന വിലകൾ കൂടും, കുറയും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പ്രസക്തിയില്ല.

4 . നോട്ട് നിരോധനം, ജി എസ് ടി എന്നിവ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. ധനമന്ത്രി അരുൺ ജെയ്റ്റിലി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ജി ഡി പി വളർച്ച നിരക്ക് 6 .5 ശതമാനത്തിലേക്ക് താഴുമെന്നാണ് പുതിയ നിഗമനം. ഈ പശ്ചാത്തലത്തിൽ മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന് സാമ്പത്തിക രംഗം ഉറ്റുനോക്കുന്നു.

5 . ആദായ നികുതി പരിധി ഉയർത്തുമോ എന്നതാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഈ വർഷം പരോക്ഷ നികുതി വരുമാനത്തിൽ തളർച്ച നേരിട്ടപ്പോൾ മുഖ്യ പ്രത്യക്ഷ നികുതിയായ ആദായ നികുതി വരുമാനത്തിൽ പ്രകടമായ വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ പരിധി ഉയർത്തുമോ എന്ന് മാസവരുമാനക്കാർ ഉറ്റുനോക്കുന്നു.

6. കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കർഷകർ വലിയ പ്രക്ഷോഭത്തിലാണ്. മോഡി ഭരണത്തിൽ കാർഷിക രംഗത് നിരാശ പടരുകയാണ്. കർഷക ആത്മഹത്യകളും പെരുകുന്നു. അതുകൊണ്ട് കാർഷിക പ്രത്യേക കാർഷിക പാക്കേജുകൾ ഉണ്ടാകുമോ എന്ന് ജനം ഉറ്റുനോക്കുന്നു.

7. ഇന്ത്യയിലെ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിലാണ്. വമ്പൻ കിട്ടാക്കടമാണ് ഇതിനു പ്രധാന കാരണം. ഇത് ബാങ്കുകളുടെ വിശ്വാസ്യതയെ തന്നെ താറുമാറാക്കിയിരിക്കുന്നു. ബാങ്കുകൾക്ക് മൂലധനമായി കോടികൾ നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ നേരെ ആയിട്ടില്ല. ഈ സാഹചര്യത്തിൽ ബാങ്കിങ് മേഖലയെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.

8. ജി എസ് ടി വന്നതോടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഇടിവ് നേരിട്ടിരിക്കുയാണ്. ഇതിനെ നേരിടാൻ ബജറ്റിൽ എന്തൊക്കെ നിർദേശങ്ങൾ ഉണ്ടാകും എന്നത് സംസ്ഥാന ബജറ്റിനെ ശ്രദ്ധകേന്ദ്രമാക്കുന്നു. ഏതായാലും കേന്ദ്രത്തിനെതിരായ ശക്തമായ വിമർശനങ്ങൾ ഉള്കൊള്ളുന്നതായിരിക്കും തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. വേണമെങ്കിൽ അത് കേന്ദ്രത്തിനെതിരായ ഒരു രാഷ്ട്രീയ, സാമ്പത്തിക കുറ്റപത്രവുമായേക്കാം.

9 . മോഡി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് കൂടിയാണിത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു സമ്പൂർണ്ണ ബജറ്റിന് സ്കോപ് കുറവാണു. അതുകൊണ്ട് തന്നെ കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് ഇത്തവണ സാധ്യത കാണുന്നു.

Read more

10 . ചാനലുകൾ ബജറ്റ് വേളയിൽ അല്പം വെള്ളം കുടിക്കുന്നതിന് ഇത്തവണ സാധ്യതയുണ്ട്. അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കണം. അതിനു വിദഗ്ധരെ കണ്ടെത്തണം. അതുകൊണ്ട് ചാനൽ ചർച്ച സംഘാടകർക്ക് പിടിപ്പത് പണിയുള്ള ദിവസങ്ങളാകും ഫെബ്രുവരി ഒന്നും രണ്ടും. പത്രങ്ങളിൽ വില കൂടുന്ന ഉത്പന്നങ്ങൾ, കുറയുന്ന ഉൽപന്നങ്ങൾ എന്ന തരത്തിലുള്ള ഗ്രാഫുകളും മറ്റും ഒഴിവാകും.