കയറ്റുമതിയില്‍ കേരളത്തിന് കൈകൊടുത്ത് സിയാല്‍; വിമാനത്താവളത്തില്‍ ഹൈടെക് ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍; 2 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യും

കയറ്റുമതി രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കി കൊച്ചി വിമാനത്താവളം. പ്രതിവര്‍ഷം 2 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഹൈടെക് ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ സിയാലില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം.

പ്രതിവര്‍ഷം 2 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തില്‍ പുതിയ ഹൈടെക് ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനലാണ് സിയാലിന്റെ പുതിയ സമ്മാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടി ഉദ്ഘാടനം ചെയ്യുന്ന ഏഴ് മെഗാ പദ്ധതികളില്‍ ഈ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇതോടെ നിലവിലെ കാര്‍ഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ഈ പദ്ധതി കരുത്ത് പകരുമെന്ന് മന്ത്രി വ്യക്തമാക്കി.