കൊച്ചിന്‍ ഷിപ്‌യാര്‍ഡ് കേരളത്തിലെ 'രാജാവ്'; വിപണി മൂല്യത്തില്‍ മുത്തൂറ്റിനെ മലത്തിയടിച്ചു; കയറി ഇറങ്ങി ഫാക്ടും കല്യാണും

ഓഹരി വിപണിയില്‍ കുതിപ്പുമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്. ഓഹരികളില്‍ വന്‍ മുന്നേറ്റം നടത്തി ഷിപ്‌യാര്‍ഡ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള കമ്പനിയായി. മുത്തൂറ്റ് ഫിനാന്‍സിനെയാണ് പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 74,592.61 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. എന്‍എസ്ഇയില്‍ ഓഹരി വില 2825.05 രൂപയും. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 2924 രൂപ വരെ ഉയര്‍ന്ന ഓഹരി കമ്ബനിയുടെ വിപണിമൂല്യം 76,923 കോടി രൂപയില്‍ എത്തിച്ചിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം 72,468.25 കോടി രൂപയാണ്. 65,842.81 കോടി രൂപയുമായി ഫാക്ട് മൂന്നാം സ്ഥാനത്തും 51,015.36 കോടി രൂപയുമായി കല്യാണ്‍ ജൂവലേഴ്‌സ് നാലാം സ്ഥാനത്തും 45,507.64 കോടി രൂപയുമായി ഫെഡറല്‍ ബാങ്ക് അഞ്ചാമതുമുണ്ട്.

കഴിഞ്ഞയാഴ്ച ഫാക്ട് വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഓഹരി വില ഇടിഞ്ഞതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ചരക്കു കപ്പലുകളുടെ നിര്‍മ്മാണത്തിനായി 1100 കോടി രൂപയുടെ ഓര്‍ഡറാണ് ജൂണ്‍ 28 ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ലഭിച്ചത്.

പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ശേഷം ജൂണ്‍ മുതല്‍ മികച്ച പ്രകടനം നടത്തുന്ന പ്രതിരോധ സ്റ്റോക്കുകളില്‍ ഒന്നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 2028-2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാര്‍ഷവും കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിദേശങ്ങളില്‍നിന്നുള്‍പ്പെടെ കപ്പല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലഭിച്ച ഓര്‍ഡറുകളാണ് ഓഹരിയുടെ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞയാഴ്ച ഉപ കമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന് 1100 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു.