ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയ്‌ക്കെ പതിനായിരക്കണക്കിന് പരാതികള്‍ ഉയര്‍ന്നതിനാല്‍ അന്വേഷണം പ്രഖ്യാപിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി (സിസിപിഎ). കമ്പനിയുടെ സേവന,ഗുണനിലവാരം സംബന്ധിച്ച വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനോടു (ബിഐഎസ്) നിര്‍ദേശിച്ചത്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്റ്റര്‍ ജനറല്‍ പ്രമോദ് തിവാരിക്കാണ് അന്വേഷണ ചുമതല.
വാഹനങ്ങളുടെ മന്ദഗതിയിലുള്ള സര്‍വീസ്, അറ്റകുറ്റപ്പണികള്‍, വൈകിയുള്ള ഡെലിവറി തുടങ്ങി 10,000 ത്തോളം പരാതികള്‍ 2023 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഉപഭോക്തൃ അവകാശ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടു കമ്പനിക്ക് സിസിപിഎ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ 99.1 ശതമാനം പരാതികളും പരിഹരിച്ചതായി ഒല പറയുന്നു.
ഒക്‌റ്റോബര്‍ 21ന് അഥോറിറ്റി നല്‍കിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.
ദേശീയ ഉപഭോക്ത്യ ഹെല്‍പ് ലൈന്‍ (എന്‍സിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാര്‍മികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികള്‍ ഇവയിലുണ്ട്. പരാതികള്‍ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തില്‍ കടുത്ത നടപടി സ്വീകരിച്ചത്.
അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരേ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിസിപിഎ അധികൃതര്‍ അറിയിച്ചു. ഒലയുടെ സോഫ്റ്റ്വേറുമായി പരിചയമില്ലാത്ത ഉപഭോക്താക്കള്‍ നേരിടുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ വാഹനത്തിനുള്ളൂവെന്ന് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ പറയുന്നത്.