മാധ്യമസ്ഥാപനങ്ങളുമായുള്ള വരുമാനം പങ്കിടല്‍ സാധ്യമല്ല; ആവശ്യങ്ങള്‍ നിരാകരിച്ച് ഗൂഗിള്‍; ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് വന്‍ തിരിച്ചടി; ചര്‍ച്ചകള്‍ തുടരുമെന്ന് കേന്ദ്രം

വാര്‍ത്തകളും ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന മാധ്യമങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ച് ഗൂഗിള്‍. അതേസമയം, വന്‍കിട ടെക് കമ്പനികള്‍ പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പരസ്യങ്ങളുടെ പ്രവര്‍ത്തനരീതി, വരുമാനം, വരുമാന നഷ്ടത്തിന്റെ കാരണം, വരുമാന ഇടിവ് കണക്കാക്കുന്ന രീതി, സര്‍ക്കാര്‍ ഇടപെടലുകളുടെ സാധ്യത തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.

വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വന്‍കിട ടെക് കമ്പനികള്‍ വാര്‍ത്തകളും ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിനു മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിനാണ് മാധ്യമസംഘടനയായ ഡിഎന്‍പിഎ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍, ഇതു അംഗീകരിക്കാന്‍ ഗൂഗിള്‍ തയാറായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് ഗൂഗിളിന്റെ നിലപാട് ഏറ്റവവും വലിയ തിരിച്ചടിയാകുന്നത്.

ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തിലുള്ള ന്യൂസ് മീഡിയ ബാര്‍ഗയിനിങ് കോഡ്, കാനഡയിലെ ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും നിയമനിര്‍മാണം വേണമെന്നാണ് മാധ്യമ സംഘടനകള്‍ ആവശ്യപ്പെടുന്നത്. വന്‍കിട ടെക് കമ്പനികള്‍ വാര്‍ത്തകളും പരസ്യങ്ങളും ഉപയോഗിക്കുന്നത് പരസ്യവരുമാനത്തെ ബാധിക്കുന്നതായി സംഘടന പറയുന്നു.

സെര്‍ച്ച് എന്‍ജിന്‍ എന്ന നിലയിലുള്ള ഡിജിറ്റല്‍ ലോകത്തെ ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു.. ഗൂഗിളിന്റെ ഫീച്ചറുകള്‍ കാരണം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവരുടെ ലിങ്കുകള്‍ ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുന്നില്ലെന്നും ഇതിലൂടെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നഷ്ടപ്പെടുന്നതായുമാണ് ഡിഎന്‍പിഎ പറയുന്നത്.

ഇതില്‍ ഇനിയും ചര്‍ച്ചകള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യോഗത്തിന്റെ രണ്ടാംഘട്ടത്തില്‍ ഡിജിറ്റല്‍ പ്രസാധകരെയും മൂന്നാം ഘട്ടത്തില്‍ ഗൂഗിള്‍, മെറ്റ തുടങ്ങിയ ഡിജിറ്റല്‍ പരസ്യദാതാക്കളെയും ക്ഷണിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.