രാജ്യത്തെ വിനോദ മേഖലയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താനുള്ള നീക്കങ്ങളുമായി റിലയന്‍സ്. 22,500 കോടി രൂപ മുടക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയാണ് റിലയന്‍സ് തങ്ങളുടെ ആദ്യ വരവ് അറിയിച്ചത്.
അതിനിടയിലാണ് പുതിയ ഏറ്റെടുക്കല്‍ വാര്‍ത്തകര്‍ പുറത്ത് വന്നിരിക്കുന്നത്.
യു.എസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വിഭാഗം മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബ്ലൂംബെര്‍ഗാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എന്‍ര്‍ര്‍ടെയിന്‍മെന്റ് വ്യവസായത്തിലെ ഏറ്റവും വലിയ ഡീലുകളില്‍ ഒന്നാകുമെന്ന് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.
കരാര്‍ യഥാര്‍ത്ഥ്യമായാല്‍ വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ റിലയന്‍സിനു സ്വന്തമാകും. കാഷ് ആന്‍ഡ് സ്റ്റോക്ക് ഡീല്‍ പ്രകാരം കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് ഏറ്റെടുക്കും. 1,000 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് കരാര്‍.
ഏകദേശം 10 ബില്യണ്‍ ഡോളര്‍, അതായത് 83,000 കോടി രൂപയാണ് ഡിസ്നിയുടെ ഇന്ത്യന്‍ ബിസിനസിന് മൂല്യം കാണുന്നത്. അതേസമയം റിലയന്‍സ് ആസ്തിക്ക് 7- 8 ബില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.
കരാര്‍ പ്രകാരമുള്ള ഏറ്റെടുപ്പ് നടന്നാല്‍ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാര്‍ , മലയാളത്തിലെ വിനോദ ചാനലായ ഏഷ്യനെറ്റ് , ഏഷ്യനെറ്റ് പ്ലസ്, ഏഷ്യനെറ്റ് മൂവീസ് തുടങ്ങിയവ പ്രാദേശിക ചാനലുകളും റിലയന്‍സിന് കീഴില്‍ എത്താന്‍ സാധ്യതയുണ്ട്. ഇവയെല്ലാം നിലവില്‍ പ്രവര്‍ത്തിക്കുന്നത് വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ കമ്പനിക്ക് കീഴിലാണ്. ഇന്ത്യയിലെ വാള്‍ട്ട് ഡിസ്നിയും റിലയന്‍സുമായി വിനോദമേഖലയില്‍ കുറച്ച് കാലമായി ശീതയുദ്ധം നടത്തുകയാണ്.
ഡിസ്നി കൈയടക്കി വെച്ചിരുന്ന വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയുടെ എച്ച്.ബി.ഒ ഷോയുടെ സംപ്രേഷണാവകാശം ഈ വര്‍ഷം ആദ്യം റിലയന്‍സ് സ്വന്തമാക്കിയിരുന്നു.
ജിയോ സിനിമയുടെ വിജയം ഹോട്ട്സ്റ്റാറിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഐ.പി.എല്‍ ജിയോ സൗജന്യമായി സംപ്രേഷണം ചെയ്തത് മൂലമാണ് ഇപ്പോള്‍ വന്‍ തുകയ്ക്ക് കരാര്‍ എടുത്ത ക്രിക്കറ്റ് ലോകകപ്പ് ഡിസ്നിക്കും സൗജന്യമായി കാണിക്കേണ്ടി വന്നിരിക്കുന്നത്.