ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു. അറുന്നൂറാമത്തെ ശാഖ മലപ്പുറത്തെ താനൂരില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാര്‍ വി അധ്യക്ഷനായിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്ത് നിര്‍വഹിച്ചു. എടിഎം- സിഡിഎം സൗകര്യവും ടച്ച് സ്‌ക്രീന്‍ സംവിധാനവുമൊക്കെ ഒത്തുചേര്‍ന്ന സെല്ഫ് സര്‍വീസ് കിയോസ്‌ക് ആയ ഫെഡ് ഇ സ്റ്റുഡിയോയുടെ ഉദ്ഘാടനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ശാലിനി വാര്യര്‍ നിര്‍വഹിച്ചു.
അതേസമയം, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബുമായി സഹകരിച്ച് കാഴ്ചപരിമിതര്‍ക്കുള്ള 26 അത്യാധുനിക സ്മാര്‍ട്ട് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. തിരുവള്ളൂര്‍ ഡിസ്ട്രിക്ട് ഫിഷെര്‍മാന്‍ ഫെഡറേഷന്‍ മുഖേന പൊന്നേരിയില്‍ 60 വനിതാ ഗുണഭോക്താക്കള്‍ക്കുള്ള വായ്പകളും വിതരണം ചെയ്തു.
‘ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ച് നിര്‍ണായകമായ സാമ്പത്തിക വര്‍ഷമാണ് 2024. പുതുതായി 26 ശാഖകള്‍ തുറന്നതോടെ തമിഴ്നാട്ടില്‍ 250 ശാഖകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ മാസം അവസാനത്തോടെ ഇന്ത്യയൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 1500ലെത്തും. തന്ത്രപ്രധാന വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് വരും വര്‍ഷത്തിലും നേട്ടമുണ്ടാക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുക എന്ന ഞങ്ങളുടെ മന്ത്രമാണ് നിര്‍മിത ബുദ്ധിയാല്‍ എല്ലാം നയിക്കപ്പടുന്ന ഈ കാലത്ത് ഞങ്ങള്‍ക്ക് കരുത്തേകുന്നത്,’ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.