ഒരു കാര്‍ പോലും വില്‍ക്കാതെ കഴിഞ്ഞ വര്‍ഷം 505കോടി ലാഭം; ഇന്ത്യയിലേക്ക് മാസ് തിരിച്ചുവരവിന് ഫോര്‍ഡ്; ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ടാറ്റയ്ക്കും എംജിക്കും വെല്ലുവിളി

ഇന്ത്യയിലേക്ക് വീണ്ടും മാസ് തിരിച്ചുവരവിനൊരുങ്ങി അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡ്. ഇന്ത്യയില്‍ നിലനിര്‍ത്തിയിരിക്കുന്ന പ്ലാന്റുകള്‍ ഇനി വില്‍ക്കുന്നില്ലെന്നുള്ള കമ്പനിയുടെ തീരുമാനമാണ് തിരിച്ചുവരവ് സൂചന നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റ് എംജി മോട്ടേഴ്‌സ് ഇന്ത്യയെ ഏറ്റെടുത്ത ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ കമ്പനി റദ്ദാക്കിയിട്ടുണ്ട്. മുമ്പ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വിയറ്റ്നാമിലെ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ വിന്‍ഫാസ്റ്റും ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു.

ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള കരാര്‍ പൊടുന്നനെയാണ് ഫോര്‍ഡ് റദ്ദാക്കിയത്. ഫോര്‍ഡ് ഇതുവരെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവിട്ടിട്ടില്ല. ചെന്നൈക്ക് സമീപം 350 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ പ്ലാന്റ് 2022 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റാണ് ഇതിന്റെ ഉത്പാദന ശേഷി. ഒപ്പം 3.4 ലക്ഷം എഞ്ചിനുകള്‍ പുറത്തിറക്കാനും കഴിയുമായിരുന്നു.

2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഫോര്‍ഡ് അവസാനിപ്പിച്ചതായി പ്രസ്താവനയിറക്കിയത്. 2022 ജൂലായ് വരെ കമ്പനി ഇന്ത്യയില്‍ കയറ്റുമതിക്കായി കാര്‍ നിര്‍മിക്കുന്നതും എന്‍ജിന്‍ നിര്‍മാണവും തുടര്‍ന്നിരുന്നു. ഇതുവഴിമാത്രം കമ്പനി ഇന്ത്യവിട്ടിട്ടും കഴിഞ്ഞ സാമ്പത്തികവര്‍ഷം 505 കോടി രൂപയുടെ ലാഭംനേടി. 2022 ഓഗസ്റ്റില്‍ ഫോര്‍ഡ് തങ്ങളുടെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്സിന് വിറ്റു. 725 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഏറ്റെടുത്തത്.

ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഫോഡ് ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍. വാഹന വിപണിയില്‍ ടാറ്റയുടെ സാന്നിധ്യം കൂടുതല്‍ ശക്തമായി അടയാളപ്പെടുത്താന്‍ ഇതിനാകും. ഒപ്പം വൈദ്യുതി വാഹന മേഖലയില്‍ ടാറ്റക്കുള്ള മേല്‍ക്കെ കൂടുതല്‍ ശക്തമാക്കാനും ഈ ഏറ്റെടുക്കല്‍ സഹായിക്കും. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന ഇന്ത്യന്‍ വാഹന വിപണിക്ക് തന്നെ ഉണര്‍വേകുന്ന ഏറ്റെടുക്കലാണിത്’ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡിന്റേയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റേയും എം.ഡി ശൈലേഷ് ചന്ദ്ര കരാര്‍ വിവരം പുറത്തുവിട്ടുകൊണ്ട് പറഞ്ഞിരുന്നു.

ഫോഡിന്റെ ഇന്ത്യയിലെ തന്ത്രപ്രധാന മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ കരാറെന്നാണ് ഫോഡ് മോട്ടോര്‍ കമ്പനിയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ സ്റ്റീവ് ആംസ്ട്രോങ് പ്രതികരിച്ചിരുന്നു. ഫാക്ടറിക്കൊപ്പം തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരാറാണ് ഫോര്‍ഡും ടാറ്റയും തമ്മിലുണ്ടായത്.

ഇതോടെ ഫോഡില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ടാറ്റയുടെ കമ്പനിയിലും തുടരുന്നുണ്ട്. ടാറ്റക്ക് ഫാക്ടറിയും ഭൂമിയും കൈമാറുമ്പോഴും ഇതിനകത്തെ പവര്‍സ്ട്രെയിന്‍ നിര്‍മാണ യൂണിറ്റ് മാത്രം ഫോഡിന്റേതായി തുടരുകയാണ്. ഈ യൂണിറ്റിന്റെ കെട്ടിടവും സ്ഥലവും ഫോഡ് വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിലും ഇരു കമ്പനികളും തമ്മില്‍ നേരത്തെ ധാരണയിലായിട്ടുണ്ട്.

ഫോഡിന്റെ സാനന്ദിലെ ഫാക്ടറി തങ്ങളുടെ വൈദ്യുതി കാര്‍ നിര്‍മാണം വര്‍ധിപ്പിക്കാനാകും ടാറ്റ ഉപയോഗിക്കുന്നത്. നിലവില്‍ ടാറ്റയുടെ വൈദ്യുതി കാര്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ പരമാവധിയിലേക്ക് അടുക്കുകയാണ്. സാനന്ദ് ഫാക്ടറിയിലൂടെ ടാറ്റ പ്രതിവര്‍ഷം മൂന്നുലക്ഷം വൈദ്യുതി കാറുകള്‍ അധികമായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ടാറ്റയുടെ പ്രതിവര്‍ഷ വൈദ്യുതി കാര്‍ ഉത്പാദനം 4.20 ലക്ഷമായി ഉയരും.

1995ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ഡ് ഐക്കണ്‍, ഫിയസ്റ്റ, ഫിഗോ, ഫ്യൂഷന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഫോര്‍ഡിന്റെ വാഹന നിരയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിരുന്നെങ്കിലും ഫോര്‍ഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ല്‍ പുറത്തിറങ്ങിയ ഇക്കോസ്‌പോര്‍ട്ടാണ്. ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വികളിലെ തുടക്കകാരന്‍ കൂടിയായിരുന്നു ഈ വാഹനം. ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഈ വാഹനം പുറത്തിറക്കി തന്നെയാണ്.

വില്‍ക്കുന്നില്ലെന്ന് ഫോര്‍ഡ് തിരുമാനിച്ചിട്ടുള്ള ചെന്നൈയിലെ ഈ നിര്‍മാണ ശാലയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്ക് ഫോര്‍ഡ് റീഎന്‍ട്രി നടത്താന്‍ പോകുന്നത് ഏറ്റവും കൂടുതല തിരിച്ചടിയാകുന്നത് ടാറ്റ മോട്ടോഴ്‌സിനും എംജി മോട്ടേഴ്‌സിനുമാണ്.