തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വന്‍ നിക്ഷേപത്തിന് ഒരുങ്ങി തയ്വാനിലെ ഫോക്‌സ്‌കോണ്‍. മൊബൈല്‍ ഘടകഫാക്ടറി സ്ഥാപിക്കുന്നതിനായി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 1600 കോടി രൂപ കമ്പനി നിക്ഷേപിക്കും. ഇതു സംബന്ധിച്ചുള്ള ധാരണപത്രത്തില്‍ കമ്പനിയും തമിഴ്‌നാട് സര്‍ക്കാരും ഒപ്പ് വെച്ചു. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മിക്കുന്നതിന് ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സ്‌കോണ്‍ നേരത്തേ ഫാക്ടറി തുടങ്ങിയിരുന്നു. രണ്ടാമത്തെ ഫാക്ടറിയാണ് കാഞ്ചീപുരത്ത് വരുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയു ഇന്നലെ നടത്തിയചര്‍ച്ചയിലാണ് നിക്ഷേപത്തിന് ധാരണയായത്. ഫോക്‌സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഏറ്റവുംവലിയ സബ്സിഡിയറിയായ ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റാണ് ഫാക്ടറിയില്‍ മുതല്‍മുടക്കുക. ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉത്പാദകരായ ഫോക്‌സ്‌കോണ്‍ ആപ്പിളിനു പുറമേ നോക്കിയ, ഷവോമി, ഗൂഗിള്‍ പിക്സല്‍, സോണി തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്കുവേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സോണിന്റെ ഫാക്ടറിയില്‍നിന്ന് ആപ്പിളിന്റെ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്. കാഞ്ചീപുരത്തുവരുന്ന പുതിയകമ്പനിക്ക് ഇതുമായി ബന്ധമുണ്ടാവില്ലെന്ന് ഫോക്‌സ്‌കോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടകത്തിലെ തുമകുരുവില്‍ 8800 കോടി രൂപ ചെലവില്‍ ഫാക്ടറി സ്ഥാപിക്കാനും ഫോക്‌സ്‌കോണ്‍ ഒരുങ്ങുന്നുണ്ട്. കാഞ്ചീപുരത്ത് ഫാക്ടറിസ്ഥാപിക്കാനുള്ള ഫോക്‌സ്‌കോണ്‍ തീരുമാനം തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ പറഞ്ഞു.