2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2024-25ൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം പ്രധാനമായും ഉൽപ്പാദന, സേവന മേഖലയുടെ മോശം പ്രകടനമാണ് ഇത്തരമൊരു ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യം 5.8 ശതമാനം നെഗറ്റീവ് വളർച്ച കൈവരിച്ച കോവിഡ് വർഷത്തിന് (2020-21) ശേഷമുള്ള ഏറ്റവും കുറഞ്ഞ ആഭ്യന്തര ഉൽപ്പാദന നിരക്കാണ് (ജിഡിപി) 6.4. 2021-22ൽ ഇത് 9.7 ശതമാനമായിരുന്നു. 2022-23ൽ 7 ശതമാനവും 2024 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.2 ശതമാനവുമായിരുന്നു ജിഡിപി.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തിറക്കിയ 2024-25 ലെ ദേശീയ വരുമാനത്തിൻ്റെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് 2024 ഡിസംബറിൽ റിസർവ് ബാങ്ക് പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനുള്ള തയ്യാറെടുപ്പിലാണ് മുൻകൂർ എസ്റ്റിമേറ്റുകൾ ഉപയോഗിക്കുക. ജൂലൈ-സെപ്റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ച ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനമായി കുറഞ്ഞു. ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇത് 6.7 ശതമാനമായിരുന്നു.