കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപകമായി അനധികൃത ഏലം ഇ-ലേലം; വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കും, കടുത്ത നടപടിയെടുക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി.

ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 1987-ലെ ഏലം നിയമം (ലൈസന്‍സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്), 1986-ലെ സ്‌പൈസസ് ബോര്‍ഡ് ആക്ട് എന്നിവ പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് മാത്രമേ ലേല നടപടികള്‍ക്ക് അനുവാദമുള്ളൂ.

ലൈസന്‍സ് ഉള്ളവര്‍ക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂര്‍ എന്നിവിടങ്ങളിലെ ഇ-ലേലത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. ലേലം നടത്താന്‍ ലൈസന്‍സ് കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (spicesboard.in) ലഭ്യമാണെന്നും സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കയറ്റുമതിക്കായി ഇന്ത്യയിലുടനീളമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള ഗുണനിലവാരം ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു.

2025-26 സാമ്പത്തിക വര്‍ഷം വരെ 15-ാം ധനകാര്യ കമ്മീഷന്‍ സൈക്കിളിന്റെ ശേഷിക്കുന്ന കാലയളവില്‍ 422.30 കോടി രൂപയുടെ മൊത്തം അംഗീകൃത വിഹിതത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പദ്ധതിയിലൂന്നി ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവും ഈ നടപടിക്കുപിന്നിലുണ്ട്. എസ് സി ,എസ് ടി കമ്യൂണിറ്റി, നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍നിന്നുള്ള കയറ്റുമതിക്കാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് കീഴില്‍ കണ്ടെത്തിയ കര്‍ഷക ഗ്രൂപ്പുകള്‍, കര്‍ഷക ക്ലസ്റ്ററുകള്‍ എന്നിവയില്‍ ഈ പദ്ധതി ഊന്നല്‍ നല്‍കുന്നു.

ഏലത്തിന്റെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, ഗുണനിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് കീഴിലുള്ള പരിപാടികള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍), ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ (എഫ്പിസികള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍) എന്നിവയുള്‍പ്പെടെയുള്ള കര്‍ഷക ഗ്രൂപ്പുകളെ ശാക്തീകരിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

Read more

റീപ്ലാന്റേഷന്‍ ശ്രമങ്ങള്‍, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, ജലസ്രോതസ്സുകള്‍ വികസിപ്പിക്കല്‍, സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്വീകരിക്കല്‍ തുടങ്ങിയവയിലൂടെ ചെറുതും വലുതുമായ ഏലത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലാണ് ഏലത്തിന്റെ പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബോര്‍ഡ് പറഞ്ഞു.