രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം ആരംഭിക്കും.

മേയ് 13ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അന്ന് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് ശ്രീലങ്ക സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.

Read more

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ ഏതൊരാള്‍ക്കും പാസ്‌പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ടിക്കറ്റ് എടുക്കാം.