പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

പണപ്പെരുപ്പ നിരക്ക് 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലേക്ക് കുതിച്ചു. അവശ്യ സാധനങ്ങളുടെ, പ്രത്യേകിച്ച് ഭക്ഷ്യ സാധനങ്ങളുടെ വിലയിൽ പ്രകടമായ വൻ മുന്നേറ്റം പണപ്പെരുപ്പ നിരക്ക് നവംബർ മാസത്തിൽ 4 .88 ശതമാനത്തിലെത്തിച്ചു. ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ 4 .1 ശതമാനത്തിൽ നിന്നാണ് പൊടുന്നനെ ഈ വർധന ഉണ്ടായിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് വായ്പനയം പ്രഖ്യാപിച്ചുകൊണ്ട് പണപ്പെരുപ്പം ഈ അർദ്ധവർഷത്തിൽ 4 .3 – 4 .7 ശതമാനമായി തുടരുമെന്നാണ്റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ നവംബറിൽ തന്നെ ഈ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു.

അതിനിടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ഏഴു മാസത്തിൽ വ്യാവസായിക വളർച്ച നിരക്ക് പകുതിയായി കുറഞ്ഞു. ഇക്കാലയളവിൽ വ്യാവസായിക വളർച്ച 2 .5 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ നിരക്ക് 5 .5 ശതമാനമായിരുന്നു. പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിൽ ഉണ്ടായ മുന്നേറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണമായത്.