ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ ശാഖകളിലെ ഇടപാടുകളില്‍ കുടിശികയുണ്ടെന്ന് കാട്ടിയാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ നടപടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ സഹിതം ജിഎസ്ടി വകുപ്പ് ഇന്‍ഫോസിസിന് നോട്ടീസ് കൈമാറിയിട്ടുണ്ട്.
എന്നാല്‍ വിദേശ ശാഖകളിലെ ഇടപാടിന് ജിഎസ്ടി ബാധകമല്ലെന്നുള്ള നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് ഓഹരികള്‍ വീണിട്ടുണ്ട്.
ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ഓഹരി .66 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് 1856 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
Read more
വിദേശത്തെ ശാഖകളിലൂടെ നടത്തിയ സേവനങ്ങള്‍ക്ക് സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ഇനത്തില്‍ 32,403 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ജി.എസ്.ടി വകുപ്പ് ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഇന്‍ഫോസിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടാറ്റ ടെക്‌നോളജിസ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ടെക് കമ്പനിയാണ് ഇന്‍ഫോസിസ്.