വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്സിനെയും ഏറ്റെടുക്കാനൊരുങ്ങി എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ്. നോര്‍വേ ആസ്ഥാനമായ ഓര്‍ക്ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (12,100 കോടി രൂപ) ഏറ്റെടുക്കാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ശ്രമിക്കുന്നത്.
എന്നാല്‍, ഓര്‍ക്ലയും ഐടിസിയും ഏറ്റെടുക്കല്‍ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 സെപ്റ്റംബറിലാണ് നവാസ് മീരാന്റെ നേതൃത്വം നല്‍കിയ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67.8% ഓഹരികള്‍ നോര്‍വേയിലെ ഓസ്‌ലോ ആസ്ഥാനമായ ഓര്‍ക്ല ഫുഡ്‌സ് സ്വന്തമാക്കി. 1,356 കോടി രൂപയ്ക്ക് ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലായിരുന്ന എംടിആര്‍ ഫുഡ്‌സ് വഴിയായിരുന്നു ഏറ്റെടുക്കല്‍.
2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓര്‍ക്ല ഇന്ത്യയില്‍ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ കുടുംബം 1950ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഇന്ത്യക്കുപുറമേ ജപ്പാന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മിഡില്‍-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇവര്‍ക്ക് വിപണികളുണ്ട്.
Read more
എംടിആര്‍ ഫുഡ്സിനെയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിനെയും ഐടിസി ഏറ്റെടുക്കുന്നത് സ്പൈസസ്, റെഡി ടു കുക്ക് ഫുഡ് വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ്. എഫ്എംസിജി ബ്രാന്‍ഡായ പ്രാസുമയെ ഐടിസി അടുത്തിടെ ഏറ്റെടുത്തിരുന്നു.