കേരള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; ശമ്പള പരിഷ്‌കരണത്തിന് സമിതി പ്രഖ്യാപിച്ച് അധികൃതര്‍

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൂന്നുദിവസത്തെ പണിമുടക്ക് ശാഖകളെ ബാധിച്ചു തുടങ്ങി. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ 80 ശതമാനത്തിലധികം ബ്രാഞ്ചുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു.

ശാഖകള്‍ തുറന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം സാധാരണനിലയില്‍ പ്രവര്‍ത്തിക്കാനായില്ല.
പണിമുടക്ക് ഇന്നും തുടരും. ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്ബള പരിഷ്‌കരണം നടപ്പാക്കുക, രണ്ടായിരത്തോളം ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

എല്ലാ ജില്ല ആസ്ഥാനങ്ങളിലും പണിമുടക്കിനോടനുബന്ധിച്ച് ധര്‍ണ നടന്നു. തിരുവനന്തപുരത്ത് നടന്ന ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അസ്വ. ജി. സുബോധന്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം, സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സഹകരണ റജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനായ സമിതി രൂപീകരിച്ചു. അഡിഷനല്‍ റജിസ്ട്രാര്‍ (കണ്‍സ്യൂമര്‍), സഹകരണ വകുപ്പ് അഡിഷനല്‍ സെക്രട്ടറി, ധനകാര്യ അഡിഷനല്‍ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, റിട്ട.അഡിഷനല്‍ റജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

പരിഗണനാ വിഷയങ്ങളോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതിയോ ഇല്ലാതെയാണ് സമിതി രൂപീകരിച്ചു സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. കണ്ണില്‍ പൊടിയിടല്‍ ഉത്തരവാണു സര്‍ക്കാരിന്റേതെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് എംപ്ലോയീസ് കോണ്‍ഗ്രസ് അറിയിച്ചു. 2017ലാണു കഴിഞ്ഞ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2021 ല്‍ നടപ്പാക്കി.