ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളത്തിലെ എം.എസ്.എം.ഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞെന്ന് വ്യവസായമന്ത്രി പി രാജീവ്. 2021ല്‍ കേരളത്തില്‍ 85,000 എം.എസ്.എം.ഇ കള്‍ മാത്രം ഉദ്യം രജിസ്റ്റര്‍ ചെയ്തിരുന്നിടത്താണ് ഇപ്പോള്‍ 15 ലക്ഷത്തിലധികം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. 2021 മുതല്‍ യൂണിയന്‍ ഗവണ്മെന് ട്രേഡ് നെയും എംഎസ്എംഇആയി കണക്കാക്കുന്നുണ്ട്.

ഇത് ഉള്‍പ്പെടയുള്ള മാനദണ്ഡമനുസരിച്ചാണ് സംരംഭങ്ങള്‍ ഉദ്യം രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2022-23 വര്‍ഷം ആരംഭിച്ച സംരംഭക വര്‍ഷം വലിയ വിജയം കൈവരിച്ച ഘട്ടത്തില്‍ ചിലര്‍ ഉദ്യം രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും സംരംഭക വര്‍ഷം പദ്ധതിയില്‍ ചേര്‍ക്കുകയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. അങ്ങനെ ചേര്‍ത്തിരുന്നെങ്കില്‍ 14 ലക്ഷം എം.എസ്.എം.ഇകള്‍ സംരംഭക വര്‍ഷം പദ്ധതിയുടെ പേരില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും ആ കൂട്ടര്‍ക്ക് മനസിലായിക്കാണുമെന്ന് മന്ത്രി പറഞ്ഞു.

സംരംഭകവര്‍ഷത്തിലൂടെ അല്ലാതെയും കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംരംഭങ്ങള്‍ ആരംഭിച്ചു എന്നാണീ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിവേഗത്തില്‍ കേരളത്തിലെ എം എസ് എം ഇ മേഖല വളരുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുകയാണ്. ലോകബാങ്ക് ഉള്‍പ്പെടെ കേരളത്തിന്റെ എം എസ് എം ഇ മേഖലയിലെ മുന്നേറ്റം ശ്രദ്ധിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകും നമ്മുടെ എം എസ് എം ഇ ആവാസവ്യവസ്ഥയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.