ഗുജറാത്തിലെ അമൂലിനെ മലര്‍ത്തിയടിക്കാനും ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടകത്തിന്റെ ‘നന്ദിനി’യും. കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്.
ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടു. കുംഭമേളവേദിയില്‍ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളില്‍ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക.
ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന നിലയില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാനാണ് ലക്ഷ്യം. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ ‘നന്ദിനി’യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പ ന്നങ്ങളും വില്‍പ്പനക്ക് വെക്കുമെന്ന് കെഎംഎഫ് അറിയിച്ചു. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നുകയറാനുള്ള നന്ദിനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കുംഭമേളയില്‍ സാന്നിധ്യമുറപ്പിച്ചത്. നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു.
അതേസമയം, ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ തുടക്കമായി. ആദ്യദിവസം സ്‌നാനത്തില്‍ പങ്കെടുത്തത് 60 ലക്ഷത്തിലധികം പേര്‍. ത്രിവേണീസംഗമത്തിലായിരുന്നു ചടങ്ങുകള്‍. 12 വര്‍ഷത്തിനുശേഷം 45 ദിവസമായി നടക്കുന്ന ചടങ്ങുകളില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 40 കോടിയിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതീയമൂല്യങ്ങളും സംസ്‌കാരവും നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് വളരെ സവിശേഷമായ ഒരു ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. മനുഷ്യരാശിയുടെ ക്ഷേമത്തോടൊപ്പം സനാതനവുമായുള്ള കൂടിക്കാഴ്ചയാണ് പ്രയാഗ് രാജ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 10,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മഹാകുംഭ് നഗറില്‍ ഏതുസമയത്തും ഒരു കോടിവരെ ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 26-ന് സമാപിക്കും.
14 (മകരസംക്രാന്തി), 29 (മൗനി അമാവാസി), ഫെബ്രുവരി മൂന്ന് (ബസന്ത് പഞ്ചമി), ഫെബ്രുവരി 12 (മാഘി പൂര്‍ണിമ), ഫെബ്രുവരി 26 (മഹാശിവരാത്രി) എന്നീ ദിനങ്ങളിലാണ് പ്രധാന സ്‌നാനങ്ങള്‍. മകരസംക്രാന്തിദിനമായ ചൊവ്വാഴ്ച മൂന്നുകോടി പേര്‍ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.