കെഎസ്എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 35 കോടി രൂപ സര്‍ക്കാരിന് കൈമാറി. ധനമന്ത്രി കെ എന്‍ ബാലഗോപാലിന് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ പ്രവര്‍ത്തനം വിപൂലീകരിക്കപ്പെടുന്നതായി ധനമന്ത്രി പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലേത് അടക്കം 105 കോടി രൂപയാണ് ലാഭവിഹിതമായി ഈ വര്‍ഷം കെഎസ്എഫ്ഇ സര്‍ക്കാരിന് കൈമാറിയത്. പുറമെ ഗ്യാരണ്ടി കമ്മീഷന്‍ ഇനത്തില്‍ 114.51 കോടി രൂപയും നല്‍കി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായകരമായ ചെറിയ ചിട്ടികള്‍ക്ക് മുന്‍ണന നല്‍കുന്നു. ഇതിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചിട്ടിയുടെ ഗുണഫലം എത്തിക്കുകയുമുണ്ടായി. മിതമായ പലിശ നിരക്കില്‍ നിരവധി വായ്പാ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇതിലൂടെ വായ്പാ -നിക്ഷേപ അനുപാതത്തില്‍ എട്ടു ശതമാനം വര്‍ദ്ധന നേടാനായി.
ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കമ്പനി പ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ അറ്റമൂല്യം 1134 കോടി രൂപയായി ഉയര്‍ന്നു. അംഗീകൃത മൂലധനം 250 കോടിയായി ഉയര്‍ത്തി. 24 മൈക്രോ ശാഖകള്‍ ഉള്‍പ്പെടെ 682 ശാഖകള്‍ നില്‍വില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞവര്‍ഷം 371 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം കമ്പനി നേടി. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരിയില്‍തന്നെ ചിട്ടി ബിസിനസ്സ് ലക്ഷ്യം പൂര്‍ത്തിയാക്കി. നിലവില്‍ ആകെ വിറ്റുവരവ് 81,000 കോടി രൂപയായി. സാധാരണക്കാര്‍ക്ക് ഏറെ സഹായകരമായ സ്വര്‍ണ്ണപ്പണയ വായ്പ 5000 കോടി രൂപയായി ഉയര്‍ന്നു.
നിക്ഷേപങ്ങള്‍ക്ക് മാറ്റ് ധനകാര്യ സ്ഥാപനങ്ങളേക്കാള്‍ മികച്ച പലിശ നിരക്കായ 8.25 ശതമാനം ലഭ്യമാക്കുന്നു. ചിട്ടിപ്പണത്തിന് 8.50 ശതമാനം പലിശ ഉറപ്പാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളില്‍ ഏറെയും സാധാരണക്കാരാണ്. കമ്പനി പൊതുനന്മാ ഫണ്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവയ്ക്കുന്നു.
ഇത്തരത്തില്‍ 4.14 കോടി രൂപ അടുത്തിടെ വിനിയോഗിച്ചു. ‘കെഎസ്എഫ്ഇ പവര്‍ ആപ്പ്’ എന്ന മൊബൈല്‍ ആപ്പ് ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് സഹായകരമാകുന്നു. 2021 മെയ് മുതല്‍ 2016 പേര്‍ക്ക് പിഎസ്സി വഴി കെഎസ്എഫ്ഇയില്‍ നിയമന ഉത്തരവ് നല്‍കി. ഇതില്‍ 1652 പേര്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ജോലിയില്‍ പ്രവേശിച്ചതായും ധനമന്ത്രി പറഞ്ഞു.