ആരാധകരെ ശാന്തരാകുവിന്‍!, സൗദി അറേബ്യയുടെ മിലാഫ് കോള കേരളത്തിലേക്ക്; നിര്‍ണായക നീക്കവുമായി ലുലു; ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ യൂസഫലി

സൗദി അറേബ്യയുടെ മിലാഫ് കോള കേരളത്തിലെത്തിക്കാന്‍ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്. ഈന്തപ്പഴത്തില്‍ നിന്നുണ്ടാക്കുന്ന മിലാഫ് കോളയ്ക്ക് കേരളത്തിലടക്കം നിരവധി ആരാധകര്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ലുലുവിന്റെ പുതിയ നീക്കം.

ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും. യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ ലുലു സ്റ്റോറുകളില്‍ മിലാഫ് കോളയും ഈന്തപ്പഴവും ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നീക്കങ്ങള്‍ ലുലു ആരംഭിച്ചിട്ടുണ്ട്.

ലുലു റീട്ടെയ്ലിന്റെ വിതരണ ശൃംഖലയായ അല്‍ തയെബ് ഡിസ്ട്രിബ്യൂഷന്‍ വഴിയാണ് മിലാഫ് ഉപഭോക്താക്കളിലേക്ക് എത്തുക. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, അല്‍ മദീന ഹെറിറ്റേജ് സി.ഇ.ഒ. ബാന്ദര്‍ അല്‍ ഖഹ്താനി എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇന്ത്യയില്‍നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതല്‍ വിപുലമായ വിതരണത്തിനായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളില്‍ കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത ഉറപ്പാക്കുകയുമാണ് ലുലു. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ., നാഫെഡ് എം.ഡി. ധൈര്യഷില്‍ കംസെ എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇറ്റലിയിലെ പാസ്താ റീഗിയോ, സ്‌പെയിനിലെ ഫ്രിന്‍സാ ഗ്രൂപ്പ്, യു.എസ്.എ.യിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായി ഒന്‍പത് കരാറുകളില്‍ ലുലു ഒപ്പുവച്ചിട്ടുണ്ട്.