ടാറ്റയുടെ കീഴിലുള്ള സ്റ്റാര്‍ബക്സിനെ കീഴടക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. ബ്രിട്ടീഷ് സാന്‍ഡ്വിച്ച്, കോഫി ശൃംഖലയായ ‘പ്രെറ്റ് എ മാംഗര്‍’ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ തുറന്നു. ‘പ്രെറ്റ് എ മാംഗര്‍’ ഇന്ത്യയിലേക്ക്ക് എത്തിച്ചിരിക്കുന്നത് റിലയന്‍സാണ്.
മുംബൈയിലെ ബാന്ദ്ര- കുര്‍ള സമുച്ചയത്തില്‍ മേക്കര്‍ മാക്ക് സിറ്റിയിലാണ് ആദ്യ സ്റ്റോര്‍ റിലയന്‍സ് തുറന്നത്. റിലയന്‍സ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡും ബ്രിട്ടീഷ് കമ്പനിയും ഈ വര്‍ഷത്തില്‍ 10 സ്റ്റോറുകള്‍ തുറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന്റെ ഉപകമ്പനിയായ റിലയന്‍സ് ബ്രാന്‍ഡുമായാണ് ബ്രിട്ടീഷ് കമ്പനി കൈകോര്‍ത്തിരിക്കുന്നത്. ദര്‍ശന്‍ മേത്തയാണ് കമ്പനിയുടെ എംഡി. ഇപ്പോള്‍ കൈയടിക്കിയിരിക്കുന്ന ടാറ്റ-സ്റ്റാര്‍ബക്സിന്റെ വിപണി പിടിക്കാനാണ് റിലയന്‍സിന്റെ നീക്കം.
രാജ്യത്തെ ആദ്യത്തെ ‘പ്രെറ്റ് എ മാംഗര്‍’ ഷോപ്പ് തുറക്കുന്നതില്‍ റീലയന്‍സ് ആവേശത്തിലാണെന്ന് റിലയന്‍സ് ബ്രാന്‍ഡ്സ് എംഡി ദര്‍ശന്‍ മേത്ത പറഞ്ഞു. കരാര്‍ പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 വരെ പ്രെറ്റ് എ മാംഗര്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കും. ടാറ്റ സ്റ്റാര്‍ബക്സിന് 30 നഗരങ്ങളിലായി 275 സ്റ്റോറുകളുണ്ട്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സും അമേരിക്കന്‍ കോഫി ശൃംഖലയായ സ്റ്റാര്‍ബക്സും തമ്മിലുള്ള കരാര്‍ പ്രകാരം ഇന്ത്യയില്‍ 2022 ല്‍ 50 പുതിയ സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജോര്‍ജിയോ അര്‍മാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബര്‍ബെറി, സാല്‍വറ്റോര്‍ ഫെറാഗാമോ എന്നിവയുള്‍പ്പെടെ 50 ലധികം ആഡംബര ബ്രാന്‍ഡുകളുമായി റിലയന്‍സ് കമ്പനി പങ്കാളിത്തം പുലര്‍ത്തിയിട്ടുണ്ട്. 2007ല്‍ സ്ഥാപിതമായ കമ്പനിയുടെ ആദ്യ ജീവനക്കാരനായിരുന്നു മേത്ത. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ദര്‍ശന്‍ മേത്ത. 2000-കളുടെ തുടക്കത്തില്‍, ടോമി ഹിലിഗര്‍, ഗാന്റ്, നോട്ടിക്ക തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2020-21ലെ കമ്പനി റിപ്പോര്‍ട്ടുകള്‍ പ്രകാരം ദര്‍ശന്‍ മേത്തയുടെ വരുമാനം 4.89 കോടി രൂപയാണ്.