കേരള ബാങ്കിനെ 'സി' ഗ്രേഡില്‍ നിന്നും 'ബി' ഗ്രേഡിലേക്ക് ഉയര്‍ത്തി; 18000 കോടിയുടെ വായ്പകള്‍ വിതരണം ചെയ്തു; സാമ്പത്തികനില ഭദ്രം; തലഉയര്‍ത്തി കേരളം

നബാര്‍ഡിന്റെ 2023-24 വര്‍ഷത്തെ ഗ്രേഡിങ്ങില്‍ കേരള ബാങ്കിനെ സി ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്ക് ഉയര്‍ത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. 2024 – 25 സാമ്പത്തിക വര്‍ഷം 18000 കോടി രൂപയിലധികം തുകയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 2000 കോടി രൂപ അധികമാണിത്.

ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ജനുവരിയില്‍ വായ്പാ ബാക്കിനില്‍പ്പില്‍ ബാങ്ക് 50000 കോടി രൂപ പിന്നിട്ടു. മാര്‍ച്ച് മാസം അവസാനിക്കുമ്പോഴേക്കും ഇത് 52000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സാമ്പത്തികനില ഭദ്രമായിട്ടുണ്ടെന്നും ന്യൂനതകള്‍ പരിഹരിച്ചു മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 100 കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിക്കുന്നതിനായി 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതില്‍ ഇതുവരെ 36 സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 2025 – 26 സാമ്പത്തിക വര്‍ഷം ഇത് 200 കര്‍ഷക ഉല്‍പ്പാദക സംഘങ്ങളായി ഉയര്‍ത്തും. കേരളാ ബാങ്കിന്റെ മൊത്തം വായ്പയില്‍ 25 ശതമാനം വായ്പയും കാര്‍ഷിക മേഖലയിലാണ് നല്‍കുന്നത്. 2025 – 26 സാമ്പത്തിക വര്‍ഷം ഇത് 33 ശതമാനമായി ഉയര്‍ത്തും. നെല്‍ കര്‍ഷകര്‍ക്ക് നെല്ലളന്ന ദിവസം തന്നെ പണം നല്‍കുന്ന രീതിയില്‍ പിആര്‍എസ് വായ്പ സമ്പൂര്‍ണ്ണമായും കേരള ബാങ്കിലൂടെ നല്‍കുന്നതിനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എം എസ് എം ഇ മേഖലയില്‍ 2024 – 25 സാമ്പത്തിക വര്‍ഷം നാളിതുവരെ 25579 വായ്പകളിലായി 1556 കോടി രൂപ ബാങ്ക് നല്‍കിയിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷം 50000 വായ്പകള്‍ ഈയിനത്തില്‍ നല്‍കി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കണക്കാക്കുന്നു. 2024 – 25 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും സഞ്ചിത നഷ്ടം പൂര്‍ണ്ണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്‌ക്രിയ ആസ്തി റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം 7 ശതമാനത്തിന് താഴെയും എത്തിക്കും.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതോടെ റിസര്‍വ് ബാങ്കില്‍ നിന്നും എന്‍ ആര്‍ ഐ ബാങ്കിംഗ് ലൈസന്‍സ്, ഇന്റര്‍നെറ്റ്/തേര്‍ഡ് പാര്‍ട്ടി ബിസിനസ് ലൈസന്‍സുകള്‍ ലഭിക്കുന്നതിനും എല്ലാവിധ ബാങ്കിങ് സേവനങ്ങളും നല്‍കാനും കേരളാ ബാങ്കിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.