ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ ലഡുവിവാദത്തില്‍ ലോട്ടറിയടിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്.). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നല്‍കിവന്ന എല്ലാ കമ്പനികളെയും ഒഴിവാക്കി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന നെയ് വാങ്ങാന്‍ കഴിഞ്ഞ ദിവസം തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചിരുന്നു. ഇക്കാര്യം തിരുപ്പതി ദേവസ്ഥാനം മില്‍ക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവില്‍ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.
ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതാണ് ഇപ്പോള്‍ നന്ദിനിക്ക് ലോട്ടറിയായിരിക്കുന്നത്.
തിരുപ്പതി ലഡുവുണ്ടാക്കാന്‍ 2013 മുതല്‍ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. നെയ് വില ഉയര്‍ത്തിയതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ നേടാന്‍ കെ.എം.എഫിന് ആയില്ല.
മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ചെയര്‍മാന്‍ ഭീമ നായക് പറഞ്ഞു.
കര്‍ണാടകത്തിലെ ക്ഷീരോത്പാദകരുടെ സഹകരണ ഫെഡറേഷനാണ് കെ.എം.എഫ്. നന്ദിനി ബ്രാന്‍ഡിലിറക്കുന്ന പാല്‍, തൈര്, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ചോക്ലെറ്റ് തുടങ്ങിയവ കര്‍ണാടകത്തിന് പുറത്തേക്കും പോകുന്നുണ്ട്. നന്ദിനി കേരളത്തില്‍ സ്വന്തം ഔട്ട്‌ലറ്റ് തുടങ്ങിയത് വന്‍ വിവാദമായിരുന്നു.