ഇന്ത്യയിലെ ഇലട്രിക്ക് കാറുകളുടെ ലോകം അടക്കി ഭരിച്ച് ടാറ്റ. ഇവി 4 വീലര്‍ കമ്പനികളുടെ മാര്‍ക്കറ്റ് ഷെയറില്‍ 80 ശതമാനവും ടാറ്റയുടെ കൈകളിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന മാരുതി ഇവിയുടെ ചിത്രത്തിലേ ഇല്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടാറ്റ ഇവി വില്‍പ്പനയില്‍ വന്‍ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് 2022-23 വര്‍ഷത്തില്‍ 42,701 ഇവി കാറുകളാണ് വിറ്റിരിക്കുന്നത്. ഇത് മാര്‍ക്കറ്റ് ഷെയറിന്റെ 79 ശതമാനം വരും. 2021-22 വര്‍ഷത്തില്‍ കേവലം 17,637 ഇവി കാറുകള്‍ മാത്രമാണ് ടാറ്റ വിറ്റത്. അതിന്റെ രണ്ടിരട്ടി കാറുകള്‍ ഇക്കുറി നിരത്തില്‍ ഇറക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു വാഹന നിര്‍മാതാക്കള്‍ക്കും ഇവി വിപണിയില്‍ ഇതുവരെ ടാറ്റയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.
ഇലട്രിക്ക് കാറുകളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ളത് എംജി മോട്ടോഴ്‌സ് ഇന്ത്യയാണ്. 2022-23 വര്‍ഷത്തില്‍ 5,591 കാറുകളാണ് എംജിയ്ക്ക് വില്‍ക്കാനായത്. ഇവി കാര്‍ വിപണിയുടെ പത്തു ശതമാനം നിലവില്‍ എംജിയുടെ കൈകളിലാണ്. എന്നാല്‍, 2021-22 വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവി വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 12 ശതമാനം വളര്‍ച്ച മുന്‍വര്‍ഷം രേഖപ്പെടുത്തിയ കമ്പനി ഈ വര്‍ഷം അത് പത്ത് ശതമാനത്തിലേക്ക് ഇടിയുകയാണ് ഉണ്ടായത്.
ഇവി കാര്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ളത് ബിവൈഡി ഇന്ത്യയാണ്. 1477 യൂണിറ്റ് കാറുകളാണ് ഈ കമ്പനി ഈ വര്‍ഷം വിറ്റിരിക്കുന്നത്. ഇവി കാര്‍ വിപണിയുടെ മൂന്നുശതമാനം മാര്‍ക്കറ്റ് ഇവരുടെ കൈകളിലാണ്. കഴിഞ്ഞ വര്‍ഷം ഉദയം ചെയ്ത കമ്പനിയുടെ മികച്ച വളര്‍ച്ചയായാണ് ഇതിനെ അനലിസ്റ്റുകള്‍ കാണുന്നത്.
നാലാം സ്ഥാനത്തുള്ളത് ഹുണ്ടായി മോട്ടോഴ്‌സ് ഇന്തയയാണ്. 998 കാറുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റ് ഇവര്‍ മാര്‍ക്കറ്റ് ഷെയറിന്റെ രണ്ടു ശതമാനം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷം കേവലം 141 ഇവി കാറുകള്‍ മാത്രമാണ് ഹുണ്ടായ്ക്ക് വില്‍ക്കാന്‍ സാധിച്ചത്.
ഇലട്രിക്ക് കാര്‍ വില്‍പ്പനയില്‍ അഞ്ചാം സ്ഥാനം മഹീന്ദ്ര കമ്പനിക്കാണ്. 668 ഇവി വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റത്. ഇത് ഇവി മാര്‍ക്കറ്റ് ഷെയറിന്റെ ഒരു ശതമാനം മാത്രമെ ആകുന്നുള്ളൂ. ഈ വര്‍ഷം മഹീന്ദ്ര കൂടുതല്‍ ശ്രദ്ധ ഇവി വാഹനങ്ങള്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള എല്ലാ മോഡലിന്റെയും ഇവി മോഡല്‍ പുറത്തിറക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
ആറാം സ്ഥാനത്തുള്ളത് ബിഎംഡബ്ല്യുവാണ്. കഴിഞ്ഞ വര്‍ഷം 449 ഇവി കാറുകളാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യന്‍ ഇവി വിപണിയുടെ ഒരു ശതമാനം മാത്രമാണ് കമ്പനിക്ക് സ്വന്തമായുള്ളത്. മുന്‍ വര്‍ഷം കേവലം ഒന്‍പത് കാറുകള്‍ മാത്രമാണ് കമ്പനിക്ക്എ വില്‍ക്കാനായത്.
ഇവി വില്‍പ്പനയില്‍ ഏഴാം സ്ഥാനത്തുള്ളത് കിയ മോട്ടേഴ്‌സ് ഇന്തയയാണ്. 2022-23 വര്‍ഷക്കാലയളവില്‍ 384 കാറുകളാണ് കിയ നിരത്തില്‍ ഇറക്കിയത്. മുന്‍ വര്‍ഷത്തെ പൂജ്യം പ്രൊഡഷനില്‍ നിന്നുമാണ് ഇക്കുറി കിയ ഇവി വിപണിയില്‍ സജീവമായിരിക്കുന്നത്. എങ്കിലും ഒരു ശതമാനം മാര്‍ക്കറ്റ് ഷെയറേ കിയക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ.
ഇവി വിപണയില്‍ ബാക്കിയുള്ള കമ്പനികളെല്ലാം കൂടി 1555 കാറുകളാണ് വിറ്റത്. ഇതു മാര്‍ക്കറ്റ് ഷെയറിന്റെ മൂന്നു ശതമാനം വരും. മാരുതിക്ക് ഇവിയില്‍ ഇതുവരെ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ മാരുതി ഇവിയിലേക്ക് കൂടുതല്‍ ശ്രദ്ധനല്‍കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
ഇവി വിപണിയില്‍ ടാറ്റ ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് കൊണ്ടാണ് വിപണി പിടിക്കാന്‍ സാധിക്കുന്നത്. മികച്ച ദൂരവും ബാറ്ററികളുമാണ് ടാറ്റ മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളെ ജനപ്രിയമാക്കിയതില്‍ പങ്കുവഹിച്ചവരാണ് ടാറ്റ മോട്ടോര്‍സ്.
ഈയിടെയായി നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ എസ്യുവികളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയ ടാറ്റ മോട്ടോര്‍സ് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയിലാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോര്‍സ് പഞ്ച് ഇവിയും കര്‍വ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷന്‍ മിഡ്-സൈസ് ഇലക്ട്രിക് എസ്യുവിയും അവതരിപ്പിക്കാന്‍ ടാറ്റ ഇപ്പോള്‍ തയാറെടുക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നീ വാഹനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത് എന്നതിനാല്‍ പുതിയ ശ്രേണിയുടെ വിപുലീകരണം കമ്പനിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഈ വര്‍ഷമാദ്യം നടന്ന 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയര്‍ ഇവിയും വിപണിയില്‍ അവതരിപ്പിക്കപ്പെടും.
നിലവിലുള്ള ഇവികളേക്കാള്‍ അധികം റേഞ്ച് വാഗ്ദാനം ചെയ്തുകൊണ്ടാവും മൈക്രോ എസ്യുവി വൈദ്യുതവത്ക്കരിക്കുക. വരാനിരിക്കുന്ന പഞ്ച് ഇവി, ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിവയ്ക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞത്.
അടുത്തിടെ പുതുക്കിയെത്തിയ നെക്സോണ്‍ ഇവിയുടെ റേഞ്ച് 12 കിലോമീറ്റര്‍ വരെ ഉയര്‍ത്തി ഈ നേട്ടത്തിനടുത്ത് കമ്പനി എത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റേഞ്ചിലുള്ള ഉത്കണ്ഠ ഉപഭോകതാക്കള്‍ക്ക് എക്കാലത്തും ഉണ്ടായിരുന്നു. കൂടാതെ ഇന്ത്യയില്‍ ചാര്‍ജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും ഇനി പരിഹരിക്കപ്പെടേണ്ടതുണ്ട്.
കമ്പനി വാഗ്ദാനം ചെയ്യുന്ന ഇവികളുടെ റേഞ്ച് വര്‍ധിപ്പിക്കുന്നതിനും ‘ജനറേഷന്‍ 1 പ്ലാറ്റ്ഫോമില്‍ നിന്ന് ജനറേഷന്‍ 2 പ്ലാറ്റ്ഫോമിലേക്ക് വാഹനങ്ങളുടെ തരം മാറ്റുന്നതിനും’ ബാറ്ററിയുടെ വിലയിലെ കുറവ് പ്രയോജനപ്പെടുത്താനാണ് ടാറ്റ ശ്രമിക്കുന്നതെന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.
ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ചുള്ള എസ്യുവികളും പാസഞ്ചര്‍ ഇലക്ട്രിക് കാറുകളും വിപണിയിലെത്തിക്കാന്‍ ടാറ്റ ഒരു പുതിയ തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിലൂടെ വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും. മാത്രമല്ല, ഉയര്‍ന്ന റേഞ്ച് ഉള്‍ക്കൊള്ളാന്‍ ബാറ്ററി പായ്ക്ക് ഊര്‍ജ്ജം കൂടുതല്‍ ഉപയോഗിക്കും.
ടിയാഗോ ഇവി കൊണ്ടുവന്ന ഓളം വരാനിരിക്കുന്ന പഞ്ച് ഇവി വേറൊരു തലത്തില്‍ എത്തിക്കും എന്ന് ഉറപ്പാണ്. മൈക്രോ എസ്യുവിയുടെ പെട്രോള്‍ പതിപ്പിന് ലഭിച്ച സ്വീകാര്യതയും നമ്മള്‍ കണ്ടുകഴിഞ്ഞു. 500 കിലോമീറ്ററിലധികം റേഞ്ച് കൂടി ചേരുമ്പോള്‍ പഞ്ച് ഇലക്ട്രിക് ഹിറ്റാവുമെന്ന് ഇപ്പോഴേ ഉറപ്പിക്കാം.
Read more
ഇന്ത്യന്‍ വാഹന രംഗം വലിയ വിപ്ലവത്തിന്റെ വക്കിലാണ്. കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇവി സെഗ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മത്സരിക്കുകയാണിപ്പോള്‍. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളായ ടാറ്റയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍.