മാര്‍ച്ച് മാസം അവസാനത്തോടെ ഈ സാമ്പത്തിക വര്‍ഷം തീരുകയാണ്. നികുതിലാഭം നേടാനുള്ള വഴികള്‍ക്കു പിന്നാലെയാണ് മിക്കയാളുകളും. ഇക്വിറ്റി ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (ഇ.എല്‍.എസ്.എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിവയവയെല്ലാം നികുതിയിളവ് നേടാനുള്ള നിക്ഷേപ വഴികളാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും നിക്ഷേപകര്‍ക്ക് ചില നികുതിനേട്ടങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള വഴികളെന്ന നിലയില്‍, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നുമാസക്കാലം ഇവയ്ക്കു പിന്നാലെ പോകുന്നതുകൊണ്ട് വലിയ നേട്ടമൊന്നുമുണ്ടാവില്ല.
നികുതി ലാഭിക്കാന്‍ പറ്റിയ വഴി വര്‍ഷം മുഴുവന്‍ സ്ഥിരമായി നിക്ഷേപം നടത്തുകയെന്നതാണെന്നാണ് സാമ്പത്തിക ഉപദേഷ്ടകര്‍ പറയുന്നത്. അല്ലാതെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ കുറച്ചുമാസം മാത്രം നിക്ഷേപം നടത്തിയാല്‍ പോരാ.
ഒരു ഉദാഹരണം പറയാം. ഒരു നിക്ഷേപകന്‍ ഇ.എല്‍.എസ്.എസില്‍ മാസംതോറും എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി നിക്ഷേപിക്കുകയാണെന്നിരിക്കട്ടെ. അങ്ങനെവരുമ്പോള്‍ അവസാന മൂന്നുമാസത്തെ വീട്ടുചെലവുകള്‍ ചുരുക്കേണ്ടി വരില്ല. മാസംതോറും എസ്.ഐ.പി വഴി ഇ.എല്‍.എസ്.എസില്‍ നിക്ഷേപിക്കുന്നതുപോലെ എന്‍.പി.എസിലും പി.പി.എഫ് അക്കൗണ്ടിലുമെല്ലാം സ്ഥിരമായി നിക്ഷേപിക്കാം. ഇത്തരത്തില്‍ സ്ഥിരമായ തുക അടവുകളിലൂടെ നികുതി ലാഭിക്കുന്ന പ്രക്രിയ ഒട്ടും ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാം.
എന്നാല്‍ എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും അവസാന മൂന്നുമാസം കൊണ്ട് നികുതി ലാഭം കൈവരിക്കാന്‍ വരുന്നവര്‍ ഒട്ടും കുറവല്ലെന്നാണ് നിക്ഷേപകാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുകയും സാമ്പത്തിക ഉല്പന്നങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ പറയുന്നത്. ഈ ജനുവരിയില്‍ മാത്രം ഇ.എല്‍.എസ്.എസ് പ്ലാനിലേക്ക് 805 കോടിയാണ് ഒഴുകിയെത്തിയത്. ഡിസംബറില്‍ 567 കോടിയും നവംബറില്‍ 174 കോടിയുമുണ്ടായിരുന്നിടത്താണിത്.
ആദായനികുതി നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത സാമ്പത്തിക ഉല്പന്നങ്ങളിലും ഇന്‍ഷുറന്‍സ് പോളിസികളിലും നിക്ഷേപിച്ചുകൊണ്ട് നിക്ഷേപകര്‍ക്ക് നികുതി നേട്ടങ്ങള്‍ ഉണ്ടാക്കാം. നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇത്തരം നിക്ഷേപങ്ങള്‍ക്കും പോളിസികള്‍ക്കും വേണ്ടി വരുമാനത്തില്‍ നിന്നും വര്‍ഷം 1.5ലക്ഷം രൂപവരെ നികുതി നല്‍കാതെ ചെലവഴിക്കാം. അതുവഴി വരുമാനത്തില്‍ അത്രയും തുകയുടെ നികുതി ലാഭിക്കാം. ഇതുകൂടാതെ മാസം എന്‍.പി.എസില്‍ മാസം 50000 രൂപവരെ നിക്ഷേപിച്ചാല്‍ ആ തുകയ്ക്കും നികുതി ഇളവുകിട്ടും.
നികുതി ലാഭത്തിന് മേല്‍പ്പറഞ്ഞ നിക്ഷേപങ്ങള്‍ക്കു പുറമേ മറ്റുചില വഴികള്‍ കൂടിയുണ്ട്. ഭവനവായ്പ തിരിച്ചടവ് വഴി ലഭിക്കുന്ന നികുതി ലാഭം 1.5ലക്ഷം പരിധിയ്ക്ക് കീഴില്‍ വരുമെങ്കിലും ഇതേ ഭവനവായ്പയുടെ പലിശ അടച്ചുകൊണ്ട് വര്‍ഷം രണ്ടുലക്ഷം രൂപവരെ നികുതി ദായകര്‍ക്ക് ഇളവുനേടാന്‍ കഴിയും. ഭര്‍ത്താവും ഭാര്യയും ജോയിന്റായി ഹോം ലോണ്‍ എടുക്കുകയാണെങ്കില്‍ ഇതില്‍ ഓരോരുത്തര്‍ക്കും രണ്ടുലക്ഷം രൂപവരെ ഇതുവഴി ലാഭിക്കാം.
വിദ്യാഭ്യാസ ലോണ്‍ എടുത്ത് അത് തിരിച്ചടക്കുന്നവര്‍ക്കും നികുതി ഇളവ് നേടാം. പലിശ ഇനത്തില്‍ അടക്കുന്ന തുക വരുമാനത്തില്‍ നിന്നും ഒഴിവാക്കി കിട്ടും. ഇതിന് പ്രത്യേകിച്ച് പരിധിയൊന്നുമില്ല. എന്നാല്‍ മുതലായി അടക്കുന്നത് വരുമാനത്തില്‍ നിന്നും കുറയ്ക്കില്ല.