ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

ക്രഡിറ്റ് കാര്‍ഡുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യ പടിയായി ചെയ്യേണ്ടത് ഓരോരുത്തര്‍ക്കും അനുയോജ്യമായ ക്രഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുകയെന്നതാണ്. പൊതുവെ പുതുതായി ജോലിയില്‍ കയറുന്നവര്‍ക്കിടയില്‍ ഒരു ട്രെന്റാണ് പരമാവധി റിവാര്‍ഡ് പോയിന്റുകള്‍ നേടിയെടുക്കാനായി ഒന്നിലേറെ ക്രഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുകയെന്നത്. എന്നാല്‍ നിങ്ങളുടെ ചെലവിന്റെയും പണമടക്കേണ്ട തിയ്യതിയുടെയുമൊക്കെ കാര്യത്തില്‍ ശ്രദ്ധവെച്ചില്ലെങ്കിലല്‍ ഒന്നിലേറെ ക്രഡിറ്റ് കാര്‍ഡ് എന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്:

വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പായ എംപോക്കറ്റിന്റെ സി.ഇ.ഒയും സ്ഥാപകനുമായ ഗൗരവ് ജലാന്‍ പറയുന്നത് ‘ഏതെങ്കിലും ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനുമുമ്പ് തങ്ങളുടെ ചെലവുകളുടെ സ്വഭാവം ഒരാള്‍ മനസിലാക്കിയിരിക്കണം.’ എന്നാണ്. ‘ ഷോപ്പിങ്, വിമാനബുക്കിങ് എന്നിങ്ങനെ ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വ്യത്യസ്തമായ ക്രഡിറ്റ് കാര്‍ഡുകള്‍.’ അദ്ദേഹം പറയുന്നു.

ഇതിനു പുറമേ പലിശനിരക്ക്, റിവാര്‍ഡ് പോയിന്റുകളുടെ ഘടന, വായ്പാ പരിധി, വാര്‍ഷിക ഫീസ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍, സര്‍വ്വീസില്‍ ഉപഭോക്താക്കളുടെ സംതൃപ്തി എന്നീ കാര്യങ്ങളെല്ലാം കൃത്യമായി താരതമ്യം ചെയ്തശേഷമേ ഏത് ക്രഡിറ്റ് കാര്‍ഡാണ് തനിക്ക് ആവശ്യമുള്ളത് എന്ന തീരുമാനത്തില്‍ എത്താവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ കടക്കെണിയിലാവും:

കുറഞ്ഞ തിരിച്ചടവ് സൗകര്യം എളുപ്പം ലഭ്യമായാല്‍ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാത്ത കാര്യമാണ് തിരിച്ചടയ്ക്കാത്ത വായ്പയുടെ പലിശ കുമിഞ്ഞുകൂടുമെന്നത്. അത് അവസാനം നിങ്ങളെ കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇതൊഴിവാക്കാന്‍ തുക അടക്കേണ്ട തിയ്യതിയുടെ കാര്യത്തില്‍ ശ്രദ്ധവെച്ചുകൊണ്ട് നിങ്ങളുടെ ചെലവുകളും ക്രഡിറ്റ് സ്റ്റേറ്റ്‌മെന്റുകളും വിവേകത്തോടെ പിന്തുടരുകയും ചെയ്യണം.

ഒന്നിലേറെ കാര്‍ഡുകളുണ്ടാവുമ്പോള്‍, ഏത് കാര്‍ഡ് എന്ത് ആവശ്യത്തിന് ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വരിക സ്വാഭാവികമാണ്. അതുകൊണ്ട് ഇത്തരക്കാര്‍ നേരത്തെ തന്നെ ഓരോ കാര്‍ഡും ഇന്നതരത്തിലുള്ള പണമിടപാടുകള്‍ക്ക് എന്ന് പ്രത്യേകം തരംതിരിച്ച് വെയ്ക്കുക.

ക്രഡിറ്റ് കാര്‍ഡ് കടം എന്നത് കടം തന്നെയാണ്. എല്ലാമാസത്തേയ്ക്കുമായി ഒരു തിരിച്ചടവ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പലിശ നിരക്ക്, തിരിച്ചടക്കാന്‍ ബാക്കിയുള്ള തുക, യൂട്ടിലൈസേഷന്‍ അനുപാതം ( ക്രഡിറ്റ് ലിമിറ്റും നിലവിലെ വായ്പയും തമ്മിലുള്ള അനുപാതം) തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് ബില്ലുകള്‍ക്ക് പ്രാമുഖ്യം കൊടുക്കണമെന്ന് നിശ്ചയിക്കുകയും ഏതാണ് നല്ല രീതിയില്‍ ഗുണം ചെയ്തതെന്ന് പരിശോധിക്കുകയും വേണമെന്ന് ജലാന്‍ നിര്‍ദേശിക്കുന്നു.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രഡിറ്റ് കാര്‍ഡ് ഫീസ് പുനപരിശോധിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കാരണം ക്രഡിറ്റ് കാര്‍ഡ് എടുക്കുന്ന സമയത്ത് ന്യായമെന്ന് നിങ്ങള്‍ക്ക് തോന്നിയ ഫീസ് ആയിരിക്കില്ല ഒരുവര്‍ഷത്തിനുശേഷവും ഈടാക്കുന്നത്. ചെലവുകളും തിരിച്ചടവ് രീതിയും കൃത്യമായി പിന്തുടരുന്നത് നിങ്ങളുടെ ചെലവിന്റെ പാറ്റേണ്‍ മനസിലാക്കാന്‍ സഹായിക്കും.

ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍, ഒരു ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് നിങ്ങളുടെ കടം ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന കാര്യം പരിഗണിക്കുക. ബില്ലുകള്‍ എളുപ്പത്തില്‍ നോക്കാനും കൈകാര്യം ചെയ്യാനും അതുവഴി തിരിച്ചടവ് ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ തിരിച്ചടവ് മുടങ്ങിയ കാര്‍ഡുകളെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട പലിശനിരക്കും മറ്റ് നേട്ടങ്ങളും ഉറപ്പു നല്‍കുന്നയിടത്തേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ ഇതുകൊണ്ട് കാര്യമുണ്ടാവില്ല.

Read more

ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകളില്‍ നിങ്ങള്‍ക്ക് മനസിലാവാത്ത എന്തെങ്കിലുമുണ്ടെങ്കിലോ ചാര്‍ജ് കൂടുതലായി ഈടാക്കിയെന്ന് തോന്നുകയാണെങ്കിലോ ഉടന്‍ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുകയും കാര്യം അന്വേഷിക്കുകയും ചെയ്യണം. ആളുകള്‍ മിക്കപ്പോഴും സ്‌റ്റേറ്റ്‌മെന്റുകള്‍ മുഴുവനായി വായിക്കുകയോ ചാര്‍ജുകള്‍ പരിശോധിക്കുകയോ ചെയ്യാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ഡില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കുന്നതിനായി കാഷ്ബാക്കുകള്‍ കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ തിരികെ വാങ്ങുക.