പാന്‍കാര്‍ഡ് ഇനിയും സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇന്ന് സണ്ണി ലിയോണിന് കിട്ടിയ പണി നാളെ നിങ്ങള്‍ക്കാവും

കഴിഞ്ഞദിവസം ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഒരു ട്വീറ്റുണ്ടായിരുന്നു. ഏതോ ഒരാള്‍ അവരുടെ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ളത്. ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമായ ധനി സ്‌റ്റോക്‌സ് ലിമിറ്റഡ് (Dhani Stocks Limited) വഴി ആരോ അവരുടെ പേരില്‍ 2000രൂപ ലോണടുത്തുവെന്നായിരുന്നു പോസ്റ്റ്.

ഇപ്പോഴത്തെ ധനി സ്‌റ്റോക്‌സ് ലിമിറ്റഡ് എന്ന ഇന്ത്യ ബുള്‍സ് സെക്യൂരിറ്റി ലിമിറ്റഡ് ഇന്ത്യയിലെ മുന്‍നിര മൂലധന മാര്‍ക്കറ്റിങ് കമ്പനികളിലൊന്നാണ്. ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും ഐഡന്റിറ്റി മോഷണത്തിന് ഇരയായ ഏറ്റവും ഒടുവിലത്തെയാളാണ് സണ്ണി ലിയോണ്‍. നേരത്തെ നിരവധി ഉപഭോക്താക്കള്‍ സമാനമായ പരാതിയുമായി വന്നിരുന്നു. അടുത്തിടെ, ധനിയുടെ വക്താവ് തന്നെ ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കുകയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്തുതന്നെയായാലും ഫിന്‍ടെക് പ്ലാറ്റ്‌ഫോണുകളിലെ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. സൈബര്‍ തട്ടിപ്പുകള്‍ ഫിന്‍ടെക്കിന് ഏറ്റവും വലിയ ഭീഷണിയായി ആര്‍.ബി.ഐ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുകയാണ്.

പാന്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടാതിരിക്കാനുള്ള ചില മുന്‍കരുതലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഫോം 26 എ ഉപയോഗിക്കുക:

പാന്‍ കാര്‍ഡിലൂടെ നടത്തുന്ന എല്ലാ നികുതി അടവുകളും സാമ്പത്തിക ഇടപാടുകളും ആദായനികുതി റിട്ടേണിലെ ഫോറം 26 എയില്‍ (ആദായ നികുതി വകുപ്പ് പുറത്തുവിടുന്ന വാര്‍ഷിക ടാക്‌സ് സ്റ്റേറ്റ്‌മെന്റ്) റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഫോം 26എ സ്ഥിരമായി പരിശോധിക്കുന്നത് തട്ടിപ്പുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുകയും അതുവഴി നേരത്തെ തന്നെ പരാതി ഫയല്‍ ചെയ്യാന്‍ കഴിയുകയും ചെയ്യും.

മുന്‍കരുതല്‍ ശീലിക്കുക:

സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് ജനന തീയ്യതി അല്ലെങ്കില്‍ പൂര്‍ണമായ പേര് വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കരുത്. ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ നിന്നും പാന്‍ നമ്പര്‍ കണ്ടുപിടിക്കാന്‍ തട്ടിപ്പുകാര്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കാനിടയുണ്ട്.

ഓണ്‍ലൈന്‍ വഴിയല്ലാതെ വിവരം ചോരുന്നത് തടയുക:

പാന്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ എപ്പോഴും സൂക്ഷിച്ചുവെക്കുക. പാന്‍കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ എവിടെയെങ്കിലും സമര്‍പ്പിക്കേണ്ടിവന്നാല്‍ അത് കൃത്യമായി സൂക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

പാന്‍കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുക:

ഐഡി പ്രൂഫ് എന്ന നിലയില്‍ പാന്‍കാര്‍ഡുകള്‍ നല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പകരം തട്ടിപ്പു നടത്താന്‍ താരതമ്യേന സാധ്യത കുറഞ്ഞ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി തുടങ്ങിയവ നല്‍കാം. പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാലുടന്‍ പൊലീസില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

പാന്‍ വിവരങ്ങളും പാസ് വേര്‍ഡുകളും സേവ് ചെയ്തുവെയ്ക്കുന്നത് ഒഴിവാക്കുക:

പാന്‍വിവരങ്ങളും പാസ് വേര്‍ഡുകളും മൊബൈലിലോ കമ്പ്യൂട്ടറുകളിലോ വെബ്‌സൈറ്റുകളിലോ സേവ് ചെയ്ത് വെക്കുന്നത് സുരക്ഷിതമല്ല.