ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരോരുത്തര്‍ക്കും പല പ്ലാനുകളുമുണ്ടാകും. അതിനുള്ള നിക്ഷേപവും കുറച്ചുമുമ്പേ തന്നെ തുടങ്ങും. മറ്റെല്ലാ ലോണുകളും അടച്ചുതീര്‍ത്തതിനു ശേഷം മതി റിട്ടയര്‍മെന്റിനു ശേഷമുള്ള കാലത്തേക്കുള്ള നിക്ഷേപം എന്ന് ചിന്തിക്കുന്നവരുണ്ട്. ലോണുകളും റിട്ടയര്‍മെന്റിനു ശേഷമുള്ള സേവിങ്സും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരും കുറവല്ല.
ഈ രണ്ട് തരം ആലോചനകളിലും തെറ്റില്ല. എല്ലാ ലോണുകളും പ്രത്യേകിച്ച് ഹോം ലോണുകള്‍ പോലുള്ള വലിയ ലോണുകള്‍ അടച്ചുതീര്‍ക്കുന്നത് ഒരു സമാധാനവും ആശ്വാസവുമാണ്. പണത്തിന്റെയും ലോണ്‍ തിരിച്ചടവിന്റെയും കണക്കുകള്‍ പറഞ്ഞ് ഇതിനെ ന്യായീകരിക്കാനുമാവില്ല.
പറ്റാവുന്നത്ര വേഗത്തില്‍ അടച്ചുതീര്‍ക്കേണ്ടത്ര മോശം കാര്യമാണോ ലോണുകള്‍? ക്രഡിറ്റ് കാര്‍ഡ് വായ്പ, പേഴ്സണല്‍ ലോണുകള്‍ തുടങ്ങി ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ തീര്‍ച്ചയായും സാമ്പത്തികമായ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ ഹോം ലോണുകള്‍ അത്രത്തോളം മോശമല്ല. അങ്ങനെ പറയാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കിപ്പോള്‍ മുപ്പത് വയസ് പ്രായമാണെന്ന് കരുതുക. 25 വര്‍ഷത്തെ കാലാവധിയില്‍ നിങ്ങള്‍ ഹോം ലോണ്‍ എടുക്കുകയാണ്. അങ്ങനെ വരുമ്പോള്‍ റിട്ടയര്‍മെന്റിനുശേഷമുള്ള കാലത്തേക്ക് എന്തെങ്കിലും കരുതിവെക്കുന്നതിനു പകരം നിങ്ങള്‍ സ്ഥിരമായി ലോണ്‍ തിരിച്ചടവിനായി കുറച്ചു ഫണ്ട് മാറ്റിവെക്കേണ്ടിവരികയും പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സ്വയം അഭിമാനം തോന്നും. എന്നാല്‍ നികുതി കിഴിച്ചുള്ള ഹോം ലോണ്‍ നിരക്ക് അത്രത്തോളം കുറവാണെങ്കില്‍ ഇതില്‍ കാര്യമുണ്ടാവില്ല. കാരണം നിങ്ങള്‍ ആ പണം നിക്ഷേപിക്കുകയാണെങ്കില്‍ ഈ പതിനഞ്ച് വര്‍ഷത്തിനിടെ ഒരുപാട് കോമ്പൗണ്ടിങ് സാധ്യതകള്‍ (ഒരു സമ്പാദ്യത്തില്‍ നിന്നുതന്നെ വരുമാനമുണ്ടാക്കാനുളള കഴിവ്) നഷ്ടപ്പെടില്ലായിരുന്നു.
വിരമിച്ചശേഷമുള്ള ജീവിതത്തിന് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് മാത്രം മതിയാവില്ല. കൂടുതലെതെങ്കിലും കരുതിവെച്ചേ മതിയാവൂ.
നിങ്ങള്‍ ആശയക്കുഴപ്പത്തിലാണോ? എങ്കിലിതാ ചില നിര്‍ദേശങ്ങള്‍
ഹോം ലോണ്‍, പേഴ്സണല്‍ ലോണ്‍, കാര്‍ ലോണ്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് ഒന്നിലേറെ ലോണുകളുണ്ടെങ്കില്‍ അതിന്റെയെല്ലാം ഇ.എം.ഐ കൃത്യമായി തന്നെ അടച്ചുപോകുക.
നിങ്ങള്‍ക്ക് അനുയോജ്യമായ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പാക്കുക.
അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി അത്യാവശ്യം വലിയ ഒരു തുക കരുതിവെക്കണം. അത്രവലിയ തുകയൊന്നും വേണ്ടെങ്കിലും, ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യങ്ങളിലേക്ക് കരുതല്‍ എന്ന തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു തുക ഉണ്ടായിരിക്കണം.
ഇതൊക്കെ കഴിഞ്ഞ് എന്തെങ്കിലും കരുതിവെക്കാമെന്ന തരത്തില്‍ മിച്ചമൊന്നുമില്ല എന്നതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ കിട്ടുന്നമുറയ്ക്ക് തന്നെ എല്ലാം ചെലവാക്കുന്ന അപകടകരമായ ഒരു ജീവിതരീതിയാണ് നിങ്ങളുടേത്. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും കുറച്ചുകൂടി മെച്ചപ്പെടേണ്ട സമയമാണിതെന്ന് തിരിച്ചരിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുക.
ഇനി ഇതെല്ലാം ചെയ്തിട്ടും എന്തെങ്കിലും മിച്ചം വയ്ക്കാമെന്ന അവസ്ഥയാണെങ്കില്‍ ആദ്യം ക്രഡിറ്റ് കാര്‍ഡിലെ വായ്പകള്‍ പെട്ടെന്ന് തീര്‍ക്കാന്‍ തുടങ്ങണം.
ക്രഡിറ്റ് കാര്‍ഡിലെ വായ്പ കൊടുത്തു തീര്‍ത്താല്‍ പിന്നെ പേഴ്സണല്‍ ലോണുകള്‍ അല്ലെങ്കില്‍ ചിലവേറിയ ലോണുകള്‍ തീര്‍ക്കണം.
ഹോം ലോണ്‍ ഇ.എം.ഐ കൃത്യമായി തിരിച്ചടച്ചുകൊണ്ടായിരിക്കണം ഇതെല്ലാം ചെയ്യേണ്ടത്.
ഇനി, റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് എത്ര കരുതിവെക്കണമെന്നതു മനസിലാക്കാന്‍ ചില കണക്കുകൂട്ടലുകള്‍ നടത്തണം. വേണമെങ്കില്‍ ഇതിനായി നിക്ഷേപ സംബന്ധമായ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നവരുടെ സഹായം തേടാം.
എല്ലാ ചെലവുകളും, തിരിച്ചടവുകളും കഴിച്ച് മിച്ചം വരുന്ന തുകയില്‍ നിന്നും കുട്ടികളുടെ വിദ്യാഭ്യാസം പോലുളള കാര്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഉദാഹരണമായി 45,000 രൂപ മിച്ചം വയ്ക്കാന്‍ കഴിയുന്നുണ്ട് എന്ന് കരുതുക. നിങ്ങളുടെ കണക്കുകൂട്ടല്‍ അനുസരിച്ച് മാസം 20,000 രൂപ കുട്ടികളുടെ ഭാവിയ്ക്കായും 25,000 രൂപ വിരമിച്ച ശേഷമുള്ള ജീവിതത്തിനായും നീക്കിവെക്കണമെന്ന് കരുതുക. എങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട 20,000 രൂപ എല്ലാ മാസവും കരുതിവെയ്ക്കണം. റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതത്തിന് വേണ്ടതിനേക്കാള്‍ കുറച്ചുതുക മാറ്റിവെച്ചാല്‍ മതിയാകും. കാരണം ഇ.പി.എഫ്, എന്‍.പി.എസ് എന്നിങ്ങനെ നേരത്തെ തന്നെ നിങ്ങള്‍ റിട്ടയര്‍മെന്റ് ലൈഫിനായുള്ള തുക കരുതിവെയ്ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ പദ്ധതി പ്രകാരം ആവശ്യമുള്ളതിലും കുറച്ചുതുക കരുതിവെച്ചാല്‍ മതിയാവും.
ഇനി ഈ രീതിയിലുള്ള പ്ലാനിങ്ങിനുശേഷം അഞ്ചായിരമോ പത്തായിരമോ ഒക്കെ മിച്ചം വരികയാണെങ്കില്‍ വേണമെങ്കില്‍ ഹോം ലോണ്‍ തിരിച്ചടവ് മുന്‍കൂറായി അടച്ചുതുടങ്ങാം. ഇനി അതുവേണ്ടയെന്നാണെങ്കില്‍ റിട്ടയര്‍മെന്റ് ലൈഫിനുവേണ്ടിയുള്ള നിക്ഷേപങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെയ്ക്കാം.
ഇതിനെല്ലാം പുറമേ, ഇന്‍സെന്റീവുകള്‍, വാര്‍ഷിക ബോണസുകള്‍ തുടങ്ങി അധികം തുക ലഭിക്കുന്ന വേളയില്‍ അവ ഹോം ലോണുകളിലേക്ക് മാറ്റാം.