Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

PERSONAL FINANCE

ആദായ നികുതി സെസിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ ?

, 11:51 am

പുതിയ ബജറ്റിൽ ആദായ നികുതിയുടെ വരുമാന പരിധിയിലോ, നികുതി നിരക്കുകളിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. 2018 -19 ലെ ബജറ്റിലും വ്യക്‌തിഗത ആദായ നികുതി നിരക്കുകൾ വരുമാനത്തിന്റെ തോതനുസരിച് അഞ്ചു മുതൽ 30 ശതമാനം വരെയാണ്.എന്നാൽ ആദായ നികുതിക്ക് പുറമെ നികുതിദായകർ സെസ്സ് നൽകേണ്ടതുണ്ട്. ഇതിൽ ചില മാറ്റങ്ങൾ ബജറ്റിൽ വരുത്തിയിട്ടുണ്ട്. അത് എങ്ങനെയെന്നും സെസും നികുതിയും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയൊന്നും നോക്കാം.

നേരത്തെ വിദ്യാഭ്യാസ സെസ്സ് ആയി രണ്ടു ശതമാനവും സെക്കണ്ടറി ആൻഡ് ഹയർ എഡ്യൂക്കേഷൻ സെസ് ആയി ഒരു ശതമാനവും ചുമത്തിയിരുന്നു. പുതിയ ബജറ്റ് അത് ഒറ്റ സെസ്സ് മാത്രമാക്കി, നാലു ശതമാനമാണ് ഈ പുതിയ സെസ്.

ആദായ നികുതി, കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായി സർക്കാരിന് ലഭിക്കുന്ന വരുമാനത്തെ നികുതി എന്ന് പറയുന്നു. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക പദ്ധതി നടപ്പാക്കുന്നതിന് മാത്രമായി നികുതിക്ക് പുറമെ ഏർപ്പെടുത്തുന്ന വരുമാനത്തെയാണ് സെസ്സ് എന്ന് പറയുന്നത്. സ്വച്ഛ് ഭാരത് സെസ്സ്, കൃഷി കല്യാൺ സെസ്സ്, റോഡ് വികസന സെസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിൽ നിന്നുള്ള വരുമാനം ആ പ്രത്യേക പദ്ധതിക്ക് മാത്രമായി നീക്കി വയ്ക്കുന്നു.

ആദായ നികുതിയിൽ ഇപ്പോൾ ഈടാക്കാൻ നിർദ്ദേശിച്ചിട്ടുള്ള നാല് ശതമാനം സെസ്സ് ബി പി എൽ കുടുംബങ്ങളുടെ ആരോഗ്യ, വിദ്യാഭ്യസ പദ്ധതികൾക്ക് വേണ്ടിയുള്ളതാണ്. സെസ്സ് ചുമത്തുന്നത് നികുതിയിന്മേലാണ്, നികുതി കണക്കാക്കുന്ന വരുമാനത്തിന്മേലല്ല. അതായത് ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് ആദായ നികുതി നൽകേണ്ടി വരുന്നതെങ്കിൽ സെസ്സ് ആയി 4000 രൂപ കൂടി നൽകണം.

സെസ്സിന് പുറമെ ആദായ നികുതിയിന്മേൽ ചുമത്തുന്ന മറ്റൊരു ഇനമാണ് സർചാർജ്. ഒരാളിന്റെ നികുതി ബാധ്യത വരുന്ന വരുമാനം 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണെങ്കിൽ 10 ശതമാനം സർചാർജ് ഈടാക്കും. ഒരു കോടിക്ക് മുകളിൽ 15 ശതമാനമായിരിക്കും. സർചാർജ് ഉയർന്ന വരുമാനക്കാർക്ക് മാത്രമാണ് ബാധകമാകുന്നതെങ്കിൽ സെസ്സ് എല്ലാ ആദായ നികുതിദായകരും നൽകണം.

Advertisement