ജി. എസ്. ടി കുറയുന്ന ഉൽപന്നങ്ങളും സേവനങ്ങളും ഏതൊക്കെ എന്ന് നോക്കാം

ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം 29 ഉൽപന്നങ്ങളുടെയും 54 സേവനങ്ങളുടെയും നികുതി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു. രണ്ടു ഉൽപന്നങ്ങൾക്ക് പുതുതായി നികുതി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഈ മാസം 25 മുതൽ പ്രാബല്യത്തിൽ വരും. നിരക്കുകൾ കുറക്കുക വഴി ഏകദേശം 12,000 കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടാവുക,

നിരക്കിൽ ഇളവ് വരുത്തിയ ഉത്പന്നങ്ങൾ ഇവയാണ്.

28 ശതമാനത്തിൽ നിന്നും 18 ആയി കുറച്ച ഉത്പന്നങ്ങൾ

കാർ ഉൾപ്പടെയുള്ള പഴയ മോട്ടോർ വാഹനങ്ങൾ, ജൈവ ഇന്ധനം കൊണ്ട് ഓടുന്ന, പൊതു ഗതാഗത്തിന് ഉപയോഗിക്കുന്ന ബസുകൾ.

18 ശതമാനത്തിൽ നിന്നും 12 ആയി കുറയുന്നവ.

തിളപ്പിച്ച പഞ്ചസാര ചേർത്ത് ഉൽപാദിപ്പിച്ച ബേക്കറി സാധനങ്ങൾ, 20 ലിറ്റർ കണ്ടൈനറുകളിൽ വിൽക്കുന്ന കുടിവെള്ളം, വളത്തിന്റെ ഗ്രേഡിൽ ഉള്ള ഫോസ്ഫോറിക് ആസിഡ്, ബയോ ഡീസൽ, ബയോ കീടനാശിനികൾ,മുള ഉപയോഗിച്ച് നിർമിച്ച വീടുകൾ, സ്പ്രിംഗ്ലർ, മെക്കാനിക്കൽ സ്പ്രേയർ എന്നിവ അടക്കമുള്ള ഡ്രിപ് ഇറിഗേഷൻ സാധനങ്ങൾ.

18ൽ നിന്നും 5 ശതമാനമാകുന്ന ഉത്പന്നങ്ങൾ

മഞ്ഞൾ പൊടി, മെഹന്ദി പേസ്റ്റ്

12ൽ നിന്നും 5 ശതമാനമാകുന്ന ഉത്പന്നങ്ങൾ

വൈക്കോൽ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന സാധനങ്ങൾ.

3 ശതമാനത്തിൽ നിന്നും 0 .25 ആകുന്നവ

വജ്രവും രത്‌നങ്ങളും വിലയേറിയ ഇതര കല്ലുകളും

ജി എസ് ടി ഒഴിവാക്കിയ സാധനങ്ങൾ

വിഭൂതി ഉൽപന്നങ്ങൾ, ശ്രവണ സഹായ ഉത്പന്നങ്ങളുടെ പാർട്സ്, ആട്ടി എണ്ണ എടുത്ത അരി തവിട്,

രണ്ട് സാധനങ്ങൾക്ക് പുതുതായി നികുതി ഏർപെടുത്തിയിട്ടുണ്ട്. നേരത്തെ നികുതി ഇല്ലാതിരുന്ന ഇവയ്ക്കു 5 ശതമാനം നികുതി വരും. എണ്ണ എടുക്കാത്ത അരി തവിട്, സിഗരറ്റ് ഫിൽറ്റർ റോഡ് എന്നിവയാണ് അവ.

വാട്ടർ തീം പാർക്കുകൾ അടക്കമുള്ള വിനോദ കേന്ദ്രങ്ങൾക്കുള്ള സേവന നികുതി 28 ൽ നിന്നും 18 ശതമാനമാകും. കോമൺ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ സേവന നികുതി 18 ൽ നിന്നും 12 ശതമാനമാക്കി കുറച്ചു. ക്രൂഡ് ഓയിൽ, ഗാസോയിൽ, ഗ്യാസോലിൻ, ജെറ്റ് ഫ്യൂവൽ തുടങ്ങിയ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ, മൈനിംഗ്, ഓയിൽ ഡ്രില്ലിംഗ്, പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപെട്ട സേവനങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്.

ഈ ഇളവുകൾ വഴിയായി സർക്കാരിന് 10,000 മുതൽ 12,000 കോടി രൂപ വരെ വരുമാനത്തിൽ കുറവുണ്ടാകും. ഐ. ജി എസ് ടി വഴി ലഭിച്ച 35,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഉടൻ വീതം വച്ച് നൽകാനും ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം തീരുമാനിച്ചു. പെട്രോൾ, ഡീസൽ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളെയും റിയൽ എസ്റ്റേറ്റിനെയും ജി എസ് ടീയുടെ പരിധിയിൽ കൊണ്ട് വരുന്ന കാര്യം അടുത്ത കൗൺസിൽ യോഗം പരിഗണിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.