സംസ്ഥാനത്ത് ഹോട്ടല്‍, ലോഡ്ജ്, റിസോര്‍ട്ട്, ഹോംസ്റ്റേ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് വരുന്നു. ഖരമാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം എന്നിവക്കുള്ള സംവിധാനങ്ങള്‍, ശുചിത്വം, ആതിഥേയത്വം ഉള്‍പ്പെടെയുള്ളവ വിലയിരുത്തിയാണ് റേറ്റിങ്. വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തില്‍ റേറ്റിങ്ങില്‍ ഉള്‍പ്പെടുത്തുക.
ഹോട്ടലുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി നല്‍കുന്ന സ്റ്റാര്‍ പദവിയുടെ മാതൃകയിലാണിത്. ഖരമാലിന്യം, അടുക്കളയിലെയും കുളിപ്പുരയിലെയും ദ്രവമാലിന്യം, ശുചിമുറി മാലിന്യം എന്നിവ സംസ്‌കരിക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് പ്രധാനമായും വിലയിരുത്തുക. 200 മാര്‍ക്കില്‍ 100 മുതല്‍ 130 വരെ നേടുന്ന സ്ഥാപനങ്ങള്‍ക്ക് വണ്‍ ലീഫ് പദവി കൈവരിക്കാം. 130 മുതല്‍ 180 വരെ മാര്‍ക്ക് നേടിയാല്‍ ത്രീ ലീഫ് പദവിയും 180-200 മാര്‍ക്ക് നേടിയാല്‍ ഫൈവ് ലീഫ് ലഭിക്കും.
ഖര മാലിന്യത്തിന്റെ തരംതിരിച്ചുള്ള സംസ്‌കരണം, ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍, മാലിന്യസംസ്‌കരണത്തിനുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യടാങ്കുകളുടെ ശാസ്ത്രീയമായ രുപകല്‍പ്പന, ഹരിതശുചിത്വസംവിധാനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പരിഗണനാ വിഷയങ്ങള്‍.
കേന്ദ്ര വിനോദസഞ്ചാര വകുപ്പും സ്വച്ഛ് ഭാരത് മിഷനും ചേര്‍ന്ന് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. കേരളമാണ് രാജ്യത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. റേറ്റിങ്ങിനായി സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ചുവരെ അപേക്ഷിക്കാം. ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ച് റേറ്റിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളില്‍ കലക്ടര്‍ ചെയര്‍മാനായ സമിതി സന്ദര്‍ശിച്ച് ശുചിത്വസംവിധാനങ്ങള്‍ വിലയിരുത്തും. സമയപരിധി നിശ്ചയിച്ച് അതിനകം ലഭിക്കുന്ന മാര്‍ക്ക് പ്രകാരമാണ് ലീഫ് പദവി നല്‍കുക.