ഡെക്കാത്‌ലോണിനെ തകര്‍ത്ത് വിപണി പിടിക്കാന്‍ അംബാനി; സ്പോര്‍ട്സ് സ്റ്റോര്‍ തുറക്കാന്‍ റിലയന്‍സ്; ആദ്യലക്ഷ്യം വലിയ നഗരങ്ങള്‍; കായിക വിപണിക്കായി കളി തുടങ്ങി

ഫ്രഞ്ച് റീട്ടെയിലര്‍ ഡെക്കാത്‌ലോണിന്റെ വിപണി പിടിച്ചെടുക്കാന്‍ തിരക്കിട്ട നീക്കവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍. രാജ്യത്തെ കായിക വിപണി ലക്ഷ്യമിട്ടാണ് അംബാനി പുതിയ നീക്കങ്ങള്‍ നടത്തുന്നത്.

ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്പോര്‍ട്സ് ഉപകരണങ്ങളുടെ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. മുന്‍നിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000-10,000 ചതുരശ്ര അടിയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നീക്കം.

2009-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഡെക്കാത്‌ലോണിന്റെ വരുമാനം 2022-ല്‍ 2,936 കോടി രൂപയായിരുന്നു. 2021-ല്‍ 2,079 കോടി രൂപ ആയിരുന്നത് 2023-ല്‍ 3,955 കോടി രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ റിലയന്‍സ് സ്റ്റോര്‍സ് എത്തുന്നത് ഡെക്കാത്ലോണിന് വലിയ വെല്ലുവിളിയായിരിക്കും.

ഈ ശൃംഖലയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെക്കാത്ലോണിന്റേതിനു സമാനമായ ബിസിനസ് മോഡലാണ് റിലയന്‍സ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണു വിവരം.

പ്രാദേശിക മുന്‍ഗണനകള്‍ക്ക് അനുസൃതമായി പ്രതിവര്‍ഷം പത്ത് സ്റ്റോറുകള്‍ തുറക്കുവാനാണ് ഡെകാത്ലോണ്‍ പദ്ധതിയിടുന്നത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഒരു പരിപാടിയില്‍, ഡെക്കാത്‌ലോണിന്റെ ചീഫ് റീട്ടെയ്ല്‍ ആന്‍ഡ് കണ്‍ട്രീസ് ഓഫീസര്‍ സ്റ്റീവ് ഡൈക്‌സ് ഇന്ത്യയെ കമ്പനിയുടെ മികച്ച അഞ്ച് വിപണികളിലൊന്നായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈനിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

റിലയന്‍സ് റീട്ടെയില്‍ ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബല്‍ ‘ഷെയി’നെ ഇന്ത്യയിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റിലയന്‍സ് സ്പോര്‍ട്സ് സ്റ്റോറെന്ന ഈ അഭ്യൂഹവും നിലനില്‍ക്കുന്നത്.