നാണയപെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന വായ്പാ നിരക്ക് നാലില്‍ നിന്നും 4.40 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ധനകാര്യ നയരൂപവത്കരണ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. 2020 മെയ് മുതല്‍ ആര്‍ബിഐയുടെ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ ബാങ്ക് വായ്പാനിരക്കുകള്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഇന്ന് ഉച്ചയ്ക്കാണ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രസ്താവന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പുറത്തിറക്കിയത്. ഉക്രൈന്‍ യുദ്ധം, എണ്ണ വിലയിലെ വര്‍ദ്ധന,അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.
ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക് എന്നറിയപ്പെടുന്നത്. വിപണിയില്‍ അധികമായുള്ള പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുമ്പോഴുള്ള നിരക്കിനെയാണ് റിവേഴ്‌സ് റിപ്പോ നിരക്ക് എന്ന പറയുന്നത്.