യുദ്ധഭീതിയില്‍ ഓഹരിവിപണിയില്‍ 'ചുവപ്പ് രക്തം'; കരടികള്‍ നിക്ഷേപകരുടെ പോക്കറ്റുകള്‍ കീറി; അപഹരിച്ചത് 11 ലക്ഷം കോടി; ടാറ്റയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മൂക്കുകുത്തി വീണു

ലോകം യുദ്ധഭീതിയില്‍ അമര്‍ന്നതോടെ ഇന്ത്യ ഓഹരി വിപണിയിലും വലിയ ഇടിവ്. ബിഎസിയിലും എന്‍എസിയിലും ഉള്ള ഓഹരികള്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും വലിയ നഷ്ടത്തിലാണ്. സെന്‍സെക്സ് രാവിലെ 1,264 പോയിന്റ് നഷ്ടത്തില്‍ 83,002 വരെയും നിഫ്റ്റി 346 പോയിന്റ് താഴ്ന്ന് 25,451 വരെയും എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ വീണ്ടും താഴേയ്ക്ക് പോകുകയാണ് ഉണ്ടായത്. നിഫ്റ്റി 546 പോയിന്റും സെന്‍സെക്‌സ് 1816 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുദ്ധഭീതിയും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ചൈന ഓഹരികളും ഉയര്‍ച്ചയുമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ വരിഞ്ഞ് മുറുക്കിയിരിക്കുന്നത്. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം നിക്ഷേപകരുടെ സമ്പത്തില്‍ അപ്രത്യക്ഷമായത് 5.63 ലക്ഷം കോടി രൂപ. ഉച്ചയോടെ ഇത് 11 ലക്ഷം കോടിയായി ഉയര്‍ന്നു,

സെന്‍സെക്സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. മുഖ്യ സൂചികകളും മെറ്റലും മീഡിയയും ഒഴികെയുള്ള മേഖലാ സൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയാണു കൂടുതല്‍ നഷ്ടത്തിലായത്. റിയല്‍റ്റി സൂചിക രണ്ടു ശതമാനത്തിലധികം താഴ്ന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായാല്‍ ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക വര്‍ധിച്ചത് വിപണിക്ക് തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളറും വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 72 ഡോളറും പിന്നിട്ടു. മൂന്നു ദിവസത്തിനിടെ അഞ്ച് ശതമാനത്തോളമാണ് വര്‍ധന.

സമീപ കാലയളവില്‍ മോശം പ്രകടനം കാഴ്ചവെച്ച ചൈനീസ് ഓഹരികള്‍ മുന്നേറ്റത്തോടെ കുതിച്ചു.. ചൈനീസ് സര്‍ക്കാരിന്റെ ഉത്തേജന നടപടികള്‍ ഓഹരികളില്‍ സുസ്ഥിര വളര്‍ച്ചയുണ്ടാക്കുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് വിറ്റൊഴിഞ്ഞ് കൂട്ടത്തോടെ കൂടുമാറുമെന്ന ഭീതി വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ബിഎസ്ഇയില്‍ 3,815 ഓഹരികള്‍ വ്യാപാരം ചെയ്യുന്നതില്‍ 1,201 എണ്ണം മാത്രമാണു നേട്ടത്തിലുള്ളത്. 2,454 ഓഹരികള്‍ ചുവന്നു. 145 ഓഹരികളുടെ വില മാറിയിട്ടില്ല.ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനം 10.56 ലക്ഷം കോടി രൂപ കുറഞ്ഞ് 464.3 ലക്ഷം കോടി രൂപയായി.