- ഈ പ്രോഗ്രാമിന് കീഴില്‍, ഐഐടി അഥവാ എന്‍ഐടിയില്‍ ഫുള്‍-ടേം ബി.ടെക്/ഡ്യുവല്‍ ഡിഗ്രി (ബി.ടെക് + എം.ടെക്) ചെയ്യുന്ന മിടുക്കരായ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നു
സാംസങ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) യിലെയും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) യിലെയും ഉന്നതവിജയം കരസ്ഥമാക്കിയ 517 വിദ്യാര്‍ത്ഥികള്‍ക്ക്, സാംസങ് സ്റ്റാര്‍ സ്‌കോളര്‍ പ്രോഗ്രാമിന്റെ ഭാഗമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. ഈ സമുന്നത എന്‍ജിനീയറിംഗ് കോളജുകളിലേക്ക് യോഗ്യത നേടുന്ന ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ (ജെഎന്‍വി) നിന്നുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികമായി സഹായം നല്‍കുന്നതിന് എല്ലാ വര്‍ഷവും നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍.
ഇപ്പോള്‍ അഞ്ചാമത്തെ വര്‍ഷത്തിലെത്തിയ സാംസങ് സ്റ്റാര്‍ സ്‌കോളര്‍ പ്രോഗ്രാം, ഇതുവരെ 650 ജെഎന്‍വി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെട്ടു. ഈ പ്രോഗ്രാമിന് കീഴില്‍ ഓരോ വര്‍ഷവും ഏതെങ്കിലും ഐഐടി അഥവാ എന്‍ഐടിയില്‍ ഫുള്‍-ടേം ബി.ടെക്/ഡ്യുവല്‍ ഡിഗ്രി (ബി.ടെക് + എം.ടെക്) പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സാംസങ് നല്‍കുന്നത്. ട്യൂഷന്‍, പരീക്ഷ, ഹോസ്റ്റല്‍, മെസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളിലേക്ക് ഒരു വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് 2 ലക്ഷം രൂപ വരെയാണ് സാംസങ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്, അത് 5 വര്‍ഷം വരെ ഓരോ വര്‍ഷവും പുതുക്കാവുന്നതാണ്.
ഈ വര്‍ഷം, യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സാംസങ് ഇന്ത്യ നടത്തുന്ന നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി, ജെഎന്‍വികളില്‍ നിന്നുള്ള പുതിയ അപേക്ഷകര്‍ക്ക് ഈ പ്രോഗ്രാം 150 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചു, അതില്‍ ഇന്ത്യയിലെ 14 വിവിധ ഐഐടി കളിലായി 85 പേരും, 15 വിവിധ എന്‍ഐടികളിലായി 65 പേരുമാണ് ഈ വര്‍ഷം തങ്ങളുടെ പ്രയാണം ആരംഭിക്കുന്നത്. നിലവില്‍ ഫുള്‍-ടേം ബി.ടെക്/ ഡ്യുവല്‍ ഡിഗ്രി (ബി.ടെക് + എം.ടെക്) പഠിക്കുന്ന 367 വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ അടുത്ത വര്‍ഷത്തേക്ക് പുതുക്കി. സ്‌കോളര്‍ഷിപ്പുകള്‍ പുതുക്കി ലഭിച്ചവരില്‍ 175 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും, 94 മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും, 97 നാലാം വര്‍ഷ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
“”സാംസങ്ങില്‍, യുവ പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 2013 മുതല്‍ ഞങ്ങള്‍ ജെഎന്‍വി സ്‌കൂളുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്, ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തില്‍, ഈ സ്‌കൂളുകളില്‍ സാംസങ് സ്മാര്‍ട്ട് ക്ലാസ്സ് പ്രോഗ്രാം ചെലുത്തിയ സ്വാധീനത്തില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. ഈ പരിശ്രമം ഒന്നുകൂടി വിപുലമാക്കിയതാണ് 2016- ല്‍ ആരംഭിച്ച സാംസങ് സ്റ്റാര്‍ സ്‌കോളര്‍ പ്രോഗ്രാം. ഈ വര്‍ഷം, നമ്മള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, ഞങ്ങള്‍ക്ക് മിടുക്കരായ വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്,””സാംസങ് ഇന്ത്യ, കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് & ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, പീറ്റര്‍ റീ പറഞ്ഞു.
സാംസങ് ഇന്ത്യയും നവോദയ വിദ്യാലയ സമിതിയും തമ്മിലുള്ള പങ്കാളിത്തം “സാംസങ് സ്മാര്‍ട്ട് ക്ലാസ്സ്” പ്രോഗ്രാമുമായി 2013- ലാണ് ആരംഭിച്ചത്, ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാനാണ് അത് ലക്ഷ്യമിടുന്നത്. നിലവില്‍, സാംസങ് സ്മാര്‍ട്ട് ക്ലാസ്സ് പ്രോഗ്രാം 683 ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. ഇതുവരെ, 430,000- ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ട്, 8,000- ലധികം അധ്യാപകര്‍ക്ക് ഇന്ററാക്ടീവ് ടെക്നോളജി ഉപയോഗിച്ച് പഠിപ്പിക്കാന്‍ പരിശീലനവും നല്‍കി. ഓരോ സാംസങ് സ്മാര്‍ട്ട് ക്ലാസ്സും ഇന്ററാക്ടീവ് സാംസങ് സ്മാര്‍ട്ട്‌ബോര്‍ഡ്, സാംസങ് ടാബ്‌ലറ്റ്, പ്രിന്റര്‍, വൈഫൈ കണക്ടിവിറ്റി, പവര്‍ ബാക്കപ്പ് എന്നിവയാല്‍ സജ്ജമാണ്.
സ്റ്റാര്‍ സ്‌കോളര്‍ പ്രോഗ്രാമിന് കീഴില്‍, ആദ്യ വര്‍ഷ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE Main) ല്‍ അവര്‍ കരസ്ഥമാക്കുന്ന ഓള്‍ ഇന്ത്യാ റാങ്ക് (AIR) അടിസ്ഥാനമാക്കിയാണ്, സെക്കന്‍ഡ്, ഫോര്‍ത്ത് വര്‍ഷങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന്, വിദ്യാര്‍ത്ഥി സെമസ്റ്റര്‍ ഗ്രേഡ് പോയിന്റ് ആവറേജ് (SGPA) അഥവാ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് (CPGA) റേറ്റിംഗ് 5 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നിലനിര്‍ത്തേണ്ടതാണ്.