ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 80,000 കടന്നു; നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ

ചരിത്രത്തിൽ ആദ്യമായി 80,000 കടന്ന് സെൻസെക്‌സ്. എൻഎസ്ഇ നിഫ്റ്റി 50 0.7 ശതമാനം ഉയർന്ന് 24,291.75 പോയിൻ്റിലും എസ് ആൻ്റ് പി ബിഎസ്ഇ സെൻസെക്‌സ് 0.72 ശതമാനം ഉയർന്ന് 80,013.77 പോയിൻ്റിലും എത്തി. 30 ഓഹരികളുള്ള സെൻസെക്‌സ് 80,000 കടക്കുന്നത് ഇതാദ്യമാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 570 പോയിന്റ് ഉയർന്ന് 80,039 പോയിന്റിലെത്തി. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റെന്ന നേട്ടവും കൈവരിച്ചു.

വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്സ് പുതിയ ഉയരം കുറിച്ചത്. സെന്‍സെക്സ് 500ലധികം പോയിന്റ് മുന്നേറിയതോടെയാണ് 80000 പോയിന്റ് കടന്നത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 പോയിന്‍റ് കടന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം കൊയ്തത്. അതേസമയം ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, അള്‍ട്രാ ടെക് സിമന്റ് ഓഹരികള്‍ നഷ്ടം നേരിട്ടു.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.37 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 13.54% ആണ് വർധന ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ റെക്കോർഡ് മുന്നേറ്റം കാഴ്ച വച്ചതിനെ തുടർന്നാണ് സെൻസെക്‌സ് പുതിയ ഉയരങ്ങളിലെത്തിയത്. സെൻസെക്‌സ് ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തിയത്. ഏകദേശം മൂന്ന് ശതമാനം വർധനയോടെ എച്ച്‌ഡിഎഫ്‌സി 1,791.90എന്ന പുതിയ റെക്കോർഡിലെത്തി.